സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരുന്നത് മൂന്ന് പതിറ്റാണ്ട്; ഒടുവിൽ 3 സെന്റിന് ഉടമകളായി പെരിന്തൽമണ്ണയിലെ 13 കുടുംബങ്ങൾ

പെരിന്തല്‍മണ്ണ: പുറമ്പോക്ക് ഭൂമിയില്‍ അവകാശങ്ങളില്ലാതെ 30 വര്‍ഷമായി കഴിഞ്ഞുവരുന്ന 13 കുടുംബങ്ങള്‍ക്ക് ഒടുവില്‍ ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനമായി. എരവിമംഗലം 90 സെന്റ് കോളനിയിലെ 13 കുടുംബങ്ങള്‍ക്കാണ് അവര്‍ താമസിച്ചുവരുന്ന മണ്ണ് പതിച്ചു നല്‍കുക. 1995ല്‍ നഗരസഭ രൂപീകൃതമായ കാലം മുതല്‍ നിലനിന്നിരുന്ന പട്ടയ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

ഇക്കാലത്തിനിടയ്ക്ക് നിരവധി നിയമ പോരാട്ടങ്ങളും പ്രതിസന്ധികളുമാണ് ഈ കുടുംബങ്ങള്‍ നേരിട്ടത്. നീണ്ടകാലത്തെ ഇടപെടലുകള്‍ക്ക് ശേഷം 13 കുടുംബങ്ങളുടെ കഷ്ടപ്പാടിന് അറുതി വന്നിരിക്കുകയാണ്.

പെരിന്തല്‍മണ്ണ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 90 സെന്റ് സ്ഥലത്തിന്റെ ഓരത്താണ് ഇവര്‍ താമസിക്കുന്നത്. അഞ്ചു പട്ടികജാതി കുടുംബങ്ങളും എട്ട് ഒബിസി കുടുംബങ്ങളുമാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ 30 വര്‍ഷമായി കുടുംബങ്ങള്‍ കിടപ്പാടത്തിന് പട്ടയം നല്‍കി മണ്ണ് പതിച്ച് നല്‍കണമെന്ന ആവശ്യവുമായി ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് അധികാരികള്‍ എല്ലാ അപേക്ഷയും നിരാകരിക്കുകയായിരുന്നു.

ALSO READ- ഗാസയിലേക്കുള്ള ഇന്ത്യയുടെ സഹായ ഹസ്തത്തിന് നന്ദി അറിയിച്ച് പലസ്തീന്‍

കേന്ദ്രാവിഷ്‌കൃത അടിസ്ഥാന വികസന പദ്ധതി (വാംബെ) നടപ്പാക്കിയപ്പോള്‍ കുടുംബങ്ങള്‍ക്ക് നഗരസഭ വീട് അനുവദിച്ചിരുന്നു. 90 സെന്റ് വരുന്ന ഭൂമിയുടെ ഒരു ഭാഗം നഗരസഭ വനിതാ വികസന കോര്‍പറേഷന് വനിത ഹോസ്റ്റല്‍ നിര്‍മിക്കാനും വിട്ടു നല്‍കിയിരുന്നു. ശേഷിക്കുന്ന ഭാഗത്താണ് അതിസാധാരണക്കാരായ കുടുംബങ്ങളും ഒരു കാവും നിലനിന്നിരുന്നത്. ഇവര്‍ക്ക് കിടപ്പാടങ്ങള്‍ നില്‍ക്കുന്ന ഇടങ്ങളഇലായി മൂന്ന് സെന്റ് വീതമാ പതിച്ച് നല്‍കുക. ഭൂമി നഗരസഭ റവന്യൂ വകുപ്പിന് കൈമാറും.

Exit mobile version