കുങ്കിയാനയാണെന്ന് മറന്ന് ഓടിക്കാന്‍ വന്ന കാട്ടാനകള്‍ക്കൊപ്പം കറങ്ങാന്‍ പോയി ‘ശ്രീനിവാസന്‍’; ഒടുവില്‍ തിരികെ കൊണ്ട് വന്നപ്പോള്‍ തേടിയെത്തി കാട്ടാനകള്‍; സൗഹൃദകഥ ഇങ്ങനെ

വനംവകുപ്പിനെ ഞെട്ടിച്ച് കാട്ടാനാകളെ ഓടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകള്‍ക്ക് ഒപ്പം ‘കറങ്ങാന്‍’ പോയി. പന്തല്ലൂരിനേയും ഇരുമ്പുപാലത്തിന് സമീപമുള്ള ജനവാസ കേന്ദ്രങ്ങളെയും വിറപ്പിച്ച കാട്ടുകൊമ്പന്മാരെ വിരട്ടിയോടിക്കാനായി എത്തിച്ച കുങ്കിയാനകളില്‍ ഒരാളാണ് ‘ഒളിച്ചോടിയത്’.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കുങ്കിയാന ചങ്ങല പൊട്ടിച്ച് കാട്ടുകൊമ്പന്‍മാര്‍ക്കൊപ്പം വനമേഖലയിലേക്ക് കടന്നുകളഞ്ഞത്. കട്ടക്കൊമ്പന്‍, ബുള്ളറ്റ് എന്നിങ്ങനെ നാട്ടുകാര്‍ പേരിട്ട രണ്ട് കാട്ടാനകളാണ് പന്തല്ലൂരില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. തുടര്‍ന്ന് ഇവരെ ഓടിക്കാനായി ഊട്ടി മുതുമലയില്‍ നിന്ന് കുങ്കിയാനകളെ കൊണ്ടുവരികയായിരുന്നു.

ആനകളെ കാടുകയറ്റാനുള്ള ശ്രമത്തിനിടെ കുങ്കിയാന കാട്ടുകൊമ്പന്‍മാര്‍ക്കൊപ്പം സ്ഥലംവിടുകയായിരുന്നു. മുതുമലയില്‍നിന്നു വസീം, വിജയ്, ശ്രീനിവാസന്‍, ബൊമ്മന്‍ എന്നീ നാല് കുങ്കിയാനകളെയാണ് കാട്ടാനകളെ തളയ്ക്കാനായി വനപാലകര്‍ എത്തിച്ചിരുന്നത്.

വ്യാഴാഴ്ചരാത്രി കുങ്കിയാനകളെ കാട്ടാനകള്‍ വരുന്നവഴിയില്‍ തളച്ചു വിരട്ടിയോടിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീനിവാസന്‍ എന്ന കുങ്കി കാട്ടാനാകള്‍ക്കൊപ്പം പോയത്. കനത്ത മൂടല്‍ മഞ്ഞിനിടയിലാണ് ശ്രീനിവാസന്‍ ചങ്ങല വേര്‍പെടുത്തി കാട്ടിലെ കൂട്ടാളികളോടൊപ്പം പോയത്.

പിന്നീട് വനപാലകരും പാപ്പാന്മാരും ചേര്‍ന്ന് ശ്രീനിവാസനെ തിരയുകയും ഒടുവില്‍ രാത്രി 12 മണിയോടെ കാട്ടുകൊമ്പന്മാര്‍ക്കൊപ്പം ശ്രീനിവാസനെ കണ്ടെത്തുകയുമായിരുന്നു. പന്തല്ലൂരില്‍ വിഹരിച്ചു നടന്ന ശ്രീനിവാസന്റെ പഴയ കൂട്ടുകാരാണ് കട്ടകൊമ്പനും ബുള്ളറ്റും എന്നാണ് നാട്ടുകാരുടേയും വനപാലകരുടേയും അഭിപ്രായം.

ശ്രീനിവാസനും പണ്ട് നാട്ടിലിറങ്ങി ഭീതിപരത്തിയപ്പോഴാണ് വനംവകുപ്പിന്റെ പിടിയിലായത്. ശ്രീനിവാസനെ പന്തല്ലൂരില്‍നിന്ന് പിടികൂടി വനംവകുപ്പ് മുതുമല തെപ്പക്കാട് ആനസങ്കേതത്തില്‍ എത്തിച്ച് പരിശീലനം നല്‍കി കുങ്കിയാക്കുകയായിരുന്നു.
ALSO READ- ഒരുകാര്യം പറയാം, ഇത് തുടക്കം മാത്രം, ശത്രുക്കള്‍ അനുഭവിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂവെന്ന് നെതന്യാഹു; ഗാസയില്‍ ഇസ്രയേലിന്റെ വ്യാപക റെയ്ഡ്; കരയുദ്ധം വിലക്കി യുഎസ്
പഴയ കൂട്ടുകാരെ കണ്ടപ്പോള്‍ ശ്രീനിവാസന്‍ കുങ്കിയാനയാണെന്ന് മറന്ന് ചങ്ങലയും പൊട്ടിച്ച് അവര്‍ക്കൊപ്പം പോയതായിരുന്നു. പിന്നീട് വനപാലകരും പാപ്പാന്മാരും മറ്റു കുങ്കിയാനകളായ വസിം, വിജയ്, ബൊമ്മന്‍ എന്നിവരുടെ സഹായത്തോടെ ശ്രീനിവാസനെ കണ്ടെത്തി തിരികെ കൊണ്ടുവന്നു.

എന്നാല്‍, വെള്ളിയാഴ്ച രാവിലെയായപ്പോള്‍ ശ്രീനിവാസനെ കാണാന്‍ കട്ടക്കൊമ്പനും ബുള്ളറ്റും പ്രദേശത്ത് വീണ്ടുമെത്തി. ഒടുവില്‍ കാട്ടുകൊമ്പന്മാരെ വനപാലകര്‍ വിരട്ടിയോടിക്കുകയായിരുന്നു.

Exit mobile version