ഒരുകാര്യം പറയാം, ഇത് തുടക്കം മാത്രം, ശത്രുക്കള്‍ അനുഭവിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂവെന്ന് നെതന്യാഹു; ഗാസയില്‍ ഇസ്രയേലിന്റെ വ്യാപക റെയ്ഡ്; കരയുദ്ധം വിലക്കി യുഎസ്

ടെല്‍ അവീവ്: ശത്രുക്കള്‍ക്ക് എതിരായ പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂവെന്ന് പ്രതികരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെതിരായ യുദ്ധം അവരെ ഇല്ലാതാക്കുന്നതുവരെ തുടരുമെന്ന് ആവര്‍ത്തിച്ച നെതന്യാഹു ശത്രുക്കള്‍ തങ്ങള്‍ക്കെതിരേ ചെയ്തതൊന്നും മറക്കില്ലെന്നും പറഞ്ഞു.

ജൂതര്‍ക്ക് എതിരെ പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് ശത്രുക്കള്‍ ചെയ്തത്. സമാനതകളില്ലാതെ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു,

ശത്രുക്കള്‍ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഒരിക്കലും മറക്കില്ല, പൊറുക്കില്ല. ശത്രുക്കള്‍ അനുഭവിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂ. ഞങ്ങളുടെ പദ്ധതി എന്താണെന്ന് വെളിപ്പെടുത്തുന്നില്ല, പക്ഷേ ഒരുകാര്യം പറയട്ടെ, ഇത് തുടക്കം മാത്രമാണ്- എന്നാണ് നെതന്യാഹു പറയുന്നത്.

ലോകത്തിന്റെയാകെ പിന്തുണ ഇസ്രയേലിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ്. പ്രതിരോധ സെക്രട്ടറിയുമായി സംസാരിച്ചു. ഇസ്രയേലിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് യുദ്ധം തുടരുമെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു.

ഈ യുദ്ധം തങ്ങള്‍ വിജയിക്കും. സമയമെടുത്തേക്കാം, എന്നാല്‍ മുന്‍പത്തേതിനെക്കാള്‍ ശക്തമായി ഈ യുദ്ധം അവസാനിപ്പിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി അവകാശപ്പെട്ട് സംസാരിച്ചു.

ALSO READ- ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം; എണ്ണവില കുതിച്ചുയരുന്നു; മിഡില്‍ ഈസ്റ്റിലേക്ക് സംഘര്‍ഷം വ്യാപിച്ചാല്‍ ക്രൂഡ് ഓയില്‍ വില 100 കടക്കുമെന്ന് ആശങ്ക

ഇതിനിടെ ഗാസയില്‍ കരയുദ്ധത്തിന് മുന്നോടിയായി കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ വ്യാപക റെയ്ഡ് നടത്തുകയാണ്. മേഖലയിലെ ഹമാസ് സംഘാംഗങ്ങളെ ലക്ഷ്യമിട്ടും ബന്ദികളെ കണ്ടെത്താനുമാണ് റെയ്ഡ്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, കരയുദ്ധം ഇപ്പോള്‍ വേണ്ടെന്ന് യുഎസ് ഇസ്രയേലിനെ അറിയിച്ചതായാണ് വിവരം. ഇസ്രയേലിന്റെ 120ഓളം ബന്ദികളെ ഗാസയില്‍ കണ്ടെത്തിയെന്നും സ്ഥിരീകരണമുണ്ട്. ഗാസയില്‍ നിന്ന് ജനങ്ങള്‍ കൂട്ടപാലായനം നടത്തുന്നതിനിടെയും ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് ഹമാസ് ആരോപിച്ചു. വ്യോമാക്രമണത്തില്‍ 70ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Exit mobile version