ഇനി അന്നം മുടങ്ങില്ല, അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കട പുനര്‍നിര്‍മിച്ചു

മൂന്നാര്‍: ചിന്നക്കനാലില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കട പുനര്‍നിര്‍മിച്ചു. അരിക്കൊമ്പനെ കാട് മാറ്റി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പന്നിയാറിലെ കട പുനര്‍നിര്‍മിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്.

ഒരു വര്‍ഷത്തിനിടയില്‍ 11 തവണയാണ് ഈ റേഷന്‍ കടയ്ക്ക് നേരെ അരിക്കൊമ്പന്‍ ആക്രമണം നടത്തിയത്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലിറങ്ങി വീടുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം നടത്തുന്നത് അരിക്കൊമ്പന്റെ പതിവായിരുന്നു.

also read: അടിമാലി ടൗണില്‍ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, വിവാഹം നടക്കാത്തതിലുള്ള വിഷമമെന്ന് പോലീസ്

ചിന്നക്കനാലിലെയും ആനയിറങ്കലിലെയും റേഷന്‍ കടകള്‍ക്ക് നേരെ അക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഏറ്റവും അധികം ആക്രമണം നേരിട്ടത് പന്നിയാര്‍ തോട്ടം മേഖലയില്‍ സ്ഥിതി ചെയ്തിരുന്ന റേഷന്‍ കട ആയിരുന്നു. അരിക്കൊമ്പനെ കാട് കടത്തിയതിന് തൊട്ട് മുന്‍പുള്ള മാസവും പല തവണ റേഷന്‍ കടയ്ക്ക് നേരെ അക്രമണം ഉണ്ടായി.

പലപ്പോഴും റേഷന്‍ വിതരണം മുടങ്ങിയിരുന്നു. ഇതോടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് തീരുമാനമുണ്ടായത്. കടയുടെ ഉത്ഘാടനം ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് നിര്‍വ്വഹിച്ചു.

Exit mobile version