കല്യാണ്‍ ജുവലേഴ്‌സിന്റെ 98 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍ തട്ടികൊണ്ട് പോയതായി പരാതി; നഷ്ടപ്പെട്ടത് സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍

സംഭവത്തില്‍ പാലക്കാട്, തമിഴ്നാട്ടിലെ ചാവടി പോലീസ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

വാളയാര്‍: കല്യാണ്‍ ജുവലേഴ്‌സിന്റെ 98 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍ അജ്ഞാതര്‍ തട്ടികൊണ്ട് പോയതായി പരാതി. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ജനുവരി ഏഴിന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രണ്ട് വാഹനങ്ങളിലായാണ് ആഭരണങ്ങള്‍ കൊണ്ടുപോയത്.

വാളയാര്‍ അതിര്‍ത്തിക്ക് സമീപം ചാവടിയില്‍ വെച്ച് ഒരുസംഘം ആഭരണങ്ങള്‍ കൊണ്ടുപോയ വാഹനങ്ങള്‍ തടയുകയും ഡ്രൈവര്‍മാരെ വാഹനത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി വാഹനങ്ങളുമായി കടന്നുകളയുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

വാഹനങ്ങളിലുണ്ടായിരുന്ന ആഭരണങ്ങള്‍ക്ക് എല്ലാ രേഖകളും ഉണ്ടായിരുന്നതായും ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിന് സമീപിക്കുമെന്നും കല്യാണ്‍ ജുവലേഴ്സ് അറിയിച്ചു. സംഭവത്തില്‍ പാലക്കാട്, തമിഴ്നാട്ടിലെ ചാവടി പോലീസ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version