കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്!

വ്യാജരേഖ ചമയ്ക്കല്‍, സമൂഹമാധ്യമങ്ങള്‍ വഴി അപകതീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

തൃശ്ശൂര്‍: പ്രമുഖ ജ്വല്ലറിയായ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. വ്യാജ തെളിവുണ്ടാക്കി യുട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയിലാണ് ശ്രീകുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്.

തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്സ് 24 ഃ 7 നെതിരെയും കേസുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ മുന്‍പ് ശ്രീകുമാര്‍ മേനോന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് ഈ കരാര്‍ കമ്പനി പുതുക്കിയില്ല.

ഇക്കാര്യത്തിലുള്ള വിരോധത്താല്‍ മാത്യു സാമുവലുമായി ചേര്‍ന്ന് സ്ഥാപനത്തിനെതിരേ അപകീര്‍ത്തികരമായ വീഡിയോ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ജ്വല്ലേഴ്‌സ് പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ വിശ്വാസ്യത പൊതുജനമധ്യത്തില്‍ തകര്‍ക്കുകയായിരുന്നു പിന്നിലുള്ള ലക്ഷ്യമെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് പരാതിയില്‍ എടുത്ത് പറയുന്നുണ്ട്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ തൃശ്ശൂര്‍ പൂങ്കുന്നം ഓഫീസിലെ ജനറല്‍ മാനേജര്‍ കെടി ഷൈജുവാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.

Exit mobile version