‘പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി’ ഡോക്യുമെന്റി; കെനിയ, യുകെ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞടുത്തു

ലോക പ്രശസ്തയായ മോഹിനിയാട്ടം നര്‍ത്തകി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ ജീവിതം പറയുന്ന ‘പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി, സ്പിരിച്വല്‍ വോയേജ് ഓഫ് എ ഡാന്‍സര്‍’ എന്ന ഡോക്യുമെന്ററി രണ്ട് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു.

ആര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ Art Filim Festival (കെനിയ) ലിഫ്റ്റ് ഓഫ് Lift -Off (യുകെ) എന്നീ ഫെസ്റ്റിവലുകളിലേക്കാണ് കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ഈ കലാകാരിയുടെ ജീവിതയാനങ്ങളെ രേഖപ്പെടുത്തിയ ചിത്രം തെരഞ്ഞെടുത്തിട്ടുള്ളത്.

‘ബ്ലൂ ബേര്‍ഡ് ടാക്കീസി’ന്റെ ബാനറില്‍ സാജ് വിശ്വനാഥന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സംവിധായകന്‍ ജയരാജ് പുതുമഠം ആണ്. മോഹിനിയാട്ടത്തെ അതിന്റെ ബാല്യദശകളില്‍നിന്ന് ധ്യാനാത്മകമായ ചര്യകളാല്‍ പടിപടിയായി ഉണര്‍ത്തി പരിപാലിച്ച് പണ്ഡിതോപദേശങ്ങളില്‍ മുങ്ങിനിവര്‍ന്ന് തന്റേതായ പരീക്ഷണങ്ങളിലൂടെ ഇന്നത്തെ ശ്രേഷ്ഠമായ അവസ്ഥയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നതില്‍ ടീച്ചര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഈ ദൃശ്യയാത്ര. ഒരു നര്‍ത്തകിയെക്കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ക്കുമപ്പുറം ഒരു കലാരൂപത്തിന്റെ സ്മാരകശിലകളിലൂടെയുള്ള യാത്ര കൂടിയാണ് പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി, സ്പിരിച്വല്‍ വോയേജ് ഓഫ് എ ഡാന്‍സര്‍’.

ആറു പതിറ്റാണ്ടോളം നീണ്ട നിരന്തര പര്യവേക്ഷണം, ഭക്തി, പ്രതിബദ്ധത, ഡോക്യുമെന്ററി തുഴഞ്ഞുമുന്നേറുന്നത് ക്ഷേമാവതിയെന്ന നര്‍ത്തകിയുടെ ജീവിതാഴങ്ങളിലേക്കാണ്. അന്നുമുതല്‍ തുടങ്ങിയ ആ സപര്യ അവരിന്നും തുടര്‍ന്നുപോരുന്നു. 2011-ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കപ്പെട്ട ഈ കലാകാരി കേരളത്തില്‍നിന്നുള്ള നൃത്തമേഖലയിലെ പ്രഥമ പത്മശ്രീ ജേതാവാണ്.

Exit mobile version