‘ഉടലാഴം’ ലണ്ടന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്: ലോകത്തെ 16 ചിത്രങ്ങളിലൊന്നായി മലയാള ചിത്രം

ലണ്ടനില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ലണ്ടന്‍ ഇന്റര്‍നാഷണല്‍ മോഷന്‍ പിക്ചര്‍ അവാര്‍ഡ്‌സ്-2019 ലേക്ക് മലയാള ചിത്രം ‘ഉടലാഴം’ തെരെഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നും അവസാന ലിസ്റ്റില്‍ 16 ചിത്രങ്ങള്‍ മാത്രമാണുള്ളത്.

തിയ്യേറ്ററിക്കല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ടു ചിത്രങ്ങളില്‍ ഒന്നായി ഉടലാഴം തെരെഞ്ഞെടുക്കപ്പെട്ടത്. ഉണ്ണികൃഷ്ണന്‍ ആവളയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

ആദിവാസി സമൂഹത്തിലെ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഫോട്ടൊഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആദിവാസി ബാലന്‍ മണിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

സജിത മഠത്തില്‍, ജോയ് മാത്യു, അനുമോള്‍, ഇന്ദ്രന്‍സ്, അബു വളയംകുളം, നിലമ്പൂര്‍ ആയിഷ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഡോക്ടേഴ്‌സ് ഡിലമ്മക്കു വേണ്ടി എം.സജീഷ്, മനോജ് കെ.ടി, രാജേഷ് കുമാര്‍ എംപി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Exit mobile version