ആഹാരം കഴിച്ചതിന്റെ പണം ചോദിച്ചതിന് പാകം ചെയ്യുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിട്ടു; ഹോട്ടലുടമയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

കൊട്ടാരക്കര: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ മര്‍ദ്ദിക്കുകയും പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിടുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയില്‍. കാരുവേലില്‍ കെഎസ് നിവാസില്‍ അനന്ദു(32)വാണ് പിടിയിലായത്.

എഴുകോണ്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരുത്തന്‍ പാറ ജങ്ഷനിലെ രാധാമണിയുടെ അക്ഷര ഹോട്ടലിലാണ് യുവാവ് പരാക്രമം കാണിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ അനന്ദു പൊറോട്ടയും ബീഫ് കറിയും പാഴ്‌സല്‍ കടമായി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കച്ചവടം തുടങ്ങിയതേ ഉള്ളൂവെന്നും കുറച്ച് നേരം കാത്തിരിക്കാനും കടയുടമ പറഞ്ഞു. കൂടാതെ, ഒപ്പം മുമ്പ് ആഹാരം കഴിച്ചതിന്റെ തരാനുള്ള പണത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.

also read- മഹാദേവ് ബുക്ക് കേസ്, 200 കോടിയുടെ ആഡംബര വിവാഹത്തില്‍ പങ്കെടുത്ത ബോളിവുഡ് പ്രമുഖര്‍ നിരീക്ഷണത്തില്‍; രണ്‍ബീര്‍ കപൂറിന് ഇഡിയുടെ നോട്ടീസ്

ഈ സമയത്ത് പ്രകോപിതനായ പ്രതി പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിട്ട് പരാക്രമം കാണിക്കുകയായിരുന്നു. ഹോട്ടല്‍ നടത്തുന്ന രാധയുടെ കവിളില്‍ കുത്തുകയും ചെയ്തു. നിരവധി ക്രിമിലെ പ്രതിയാണ് അനന്ദുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version