മഹാദേവ് ബുക്ക് കേസ്, 200 കോടിയുടെ ആഡംബര വിവാഹത്തില്‍ പങ്കെടുത്ത ബോളിവുഡ് പ്രമുഖര്‍ നിരീക്ഷണത്തില്‍; രണ്‍ബീര്‍ കപൂറിന് ഇഡിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പായ ‘മഹാദേവ് ബുക്ക്’ കോടികളുടെ ഹവാല ഇടപാട് നടത്തിയെന്ന കേസില്‍ പല ബോളിവുഡ് താരങ്ങളും നിരീക്ഷണത്തില്‍. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടന്‍ രണ്‍ബീര്‍ കപൂറിന് ഇഡി നോട്ടീസ് അയച്ചു.

വാതുവെയ്പ്പ് ആപ്പായ ‘മഹാദേവ് ബുക്കി’ന്റെ പ്രൊമോഷനുവേണ്ടി പണം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇഡി രണ്‍ബീര്‍ കപൂറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഒക്ടോബര്‍ ആറിന് വെള്ളിയാഴ്ച റായ്പുരിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് രണ്‍ബീര്‍ കപൂറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനാണ് നടനെ വിളിച്ചുവരുത്തുകയെന്നും കേസിലെ പ്രതിയല്ല രണ്‍ബീറെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാതുവെയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാനാണ് നടനെ വിളിച്ചുവരുത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാദേവ് ബുക്ക് പ്രൊമോട്ടര്‍മാരില്‍ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിലും കമ്പനി നടത്തിയ പാര്‍ട്ടിയിലും ഒട്ടേറെ സിനിമാ താരങ്ങളും ഗായകരും പങ്കെടുത്തിരുന്നു. യുഎഇയിലായിരുന്നു 200 കോടിയോളം ചിലവഴിച്ചുള്ള ആഡംബര വിവാഹം.

ഈ പരിപാടികള്‍ക്കായി പ്രത്യേകം വിമാനങ്ങള്‍ സ്വകാര്യ വിമാനങ്ങളിലാണ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെ യുഎഇയിലെത്തിയത്. ചടങ്ങില്‍ പങ്കെടുത്ത പല താരങ്ങള്‍ക്കും വലിയതുകയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് താരങ്ങളെ ചോദ്യംചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണ ഏജന്‍സി നീക്കംനടത്തുന്നത്.

also read- കൊച്ചിയില്‍ ജ്യോത്സ്യനെ ലോഡ്ജില്‍ വിളിച്ചു വരുത്തി ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മോഷണം, യുവതി പിടിയില്‍

ടൈഗര്‍ ഷ്രോഫ്, സണ്ണി ലിയോണ്‍, നേഹ കക്കര്‍, ആതിഫ് അസ്ലം, റാഹത് ഫത്തേഹ് അലി ഖാന്‍, അലി അസ്ഗര്‍, വിശാല്‍ ദദ്ലാനി, എല്ലി അവറാം, ഭാരതി സിങ്, ഭാഗ്യശ്രീ, കൃതി ഖര്‍ബന്ദ, നുസ്റത്ത് ബറൂച്ച, സുഖ് വീന്ദര്‍ സിങ് എന്നീ താരങ്ങളും ഗായകരുമാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്കും സമന്‍സ് അയച്ചേക്കും.

സൗരഭ് ചന്ദ്രകാര്‍ വിവാഹചടങ്ങുകള്‍ക്കായി ഇന്ത്യയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ അടക്കമുള്ളവര്‍ക്ക് പണം കൈമാറിയത് ഹവാല ഇടപാടിലൂടെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 45 കോടിയോളം യുഎഇ കറന്‍സികള്‍ ഉള്‍പ്പടെ 200 കോടിയും കറന്‍സിയിടപാട് ആയിരുന്നെന്നാണ് ഇഡി കണ്ടെത്തല്‍.

Exit mobile version