മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് ശാന്തി കവാടത്തില്‍ നടക്കും. നാളെ രാവിലെ 10 മണിക്ക് എകെജി സെന്ററിലും 2 മണിക്ക് സിഐടിയു ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

ട്രേഡ് യൂണിയന്‍ രംഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന പ്രസിഡന്റായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുന്‍ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായത്. 1979ല്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി.

കയര്‍ തൊഴിലാളി മേഖലയായിരുന്നു ആനത്തലവട്ടത്തിന്റെ തട്ടകം. 1954-ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്‍ രാഷ്ട്രീയരംഗത്തെത്തുന്നത്. വര്‍ക്കലയിലെ ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനര്‍ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടി അതു വേണ്ടെന്നുവെച്ചു. കയര്‍ മേഖലയിലെ ചൂഷണത്തിനെതിരായി അദ്ദേഹം സമരങ്ങള്‍ നയിച്ചു. 2016-21 കാലത്ത് കയര്‍ അപക്‌സ് ബോഡി അദ്ധ്യക്ഷനായിരുന്നു.

1937 ഏപ്രില്‍ 22ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി. കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായാണ് ജനിച്ചത്. ലൈലയാണ് ഭാര്യ. ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍ എന്നിവര്‍ മക്കളാണ്.

Exit mobile version