വീട് ജപ്തിയിലായ സലീനയ്ക്കും മകനും സ്വന്തം വീട്ടില്‍ തന്നെ കഴിയാം : കടബാധ്യത ഏറ്റെടുത്ത് വിവേകാനന്ദ ട്രസ്റ്റിന്റെ കനിവ്

മലപ്പുറം: ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് വീടിനു പുറത്തു കഴിയേണ്ടി വന്ന മലപ്പുറം പാതിരിപ്പാടത്തെ സലീനയ്ക്ക് സുമനസ്സുകളുടെ കൈത്താങ്ങ്. സലീനയുടെ കടബാധ്യത ഏറ്റെടുത്തെന്ന് നിലമ്പൂര്‍ പാലേമാട് വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ കെ ആര്‍ ഭാസ്‌കരന്‍ പിള്ള പറഞ്ഞു. ലോണ്‍ തുകയായ നാല് ലക്ഷം രൂപ നല്‍കും. ബാക്കി തുക സമാഹരിച്ചു നല്‍കുമെന്നും ഭാസ്‌കരന്‍ പിള്ള അറിയിച്ചു.

വീട് ജപ്തിയായതോടെ മകനെയും കൂട്ടി വീടിന് പുറത്താകേണ്ടി വന്ന സലീനയുടെ ജീവിതം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിവേകാനന്ദ ട്രസ്റ്റിന്റെ നന്മയില്‍
സലീനയ്ക്കും മകനും വീട് വിട്ടിറങ്ങേണ്ടി വരില്ല. സ്വന്തം വീട്ടില്‍ തന്നെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കും. ജീവിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ഭാസ്‌ക്കരപിള്ള പറഞ്ഞു.

സലീനയുടെ ദുരിതാവസ്ഥ പുറത്തുവന്നതിന് പിന്നാലെ സലീനയുടെ ജപ്തി ചെയ്ത വീടിന്റെ താക്കോല്‍ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് തിരികെ നല്‍കിയിരുന്നു. ലോണടയ്ക്കാന്‍ സാവകാശം നല്‍കിയതോടെ സലീനയും മകനും തിരികെ വീട്ടില്‍ തന്നെ പ്രവേശിച്ചു. തുകയില്‍ ഇളവ് നല്‍കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് അധികൃതര്‍ പാതിരപ്പാടത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് താക്കോല്‍ കൈമാറിയത്. ബാങ്കില്‍ അടക്കേണ്ട തുകയില്‍ ഇളവും നല്‍കി. മക്കളുടെ വിവാഹത്തിനായി 2015 ലാണ് സലീന നാലു ലക്ഷം രൂപ വായ്പയെടുത്തത്. ഇതിനിടയില്‍ വീണ് ഇടതുകാല്‍മുട്ട് ഒടിഞ്ഞതോടെ ജോലിക്കു പോകാന്‍ കഴിയാതെയായി. ബാങ്ക് അടവും മുടങ്ങി. പിഴപ്പലിശ ബാങ്ക് ഒഴിവാക്കിയിട്ടും ആറരലക്ഷം രൂപ അടയ്ക്കാനുണ്ടായിരുന്നു.

Exit mobile version