ജപ്തി നടപടിക്കായി ഉദ്യോഗസ്ഥര്‍ വീട്ടുപടിക്കല്‍ എത്തി, ഓട്ടോറിക്ഷാ ഡ്രൈവറായ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

ഇന്നലെ ഉച്ചയ്ക്ക് 12.15 നാണ് തോട്ടകം സര്‍വീസ് സഹകരണസംഘം ഉദ്യോഗസ്ഥര്‍ കാര്‍ത്തികേയന്റെ വീടും സ്ഥലവും അളന്ന് കുറ്റിയടിച്ചത്.

വൈക്കം: ജപ്തി നടപടിക്കായി ഉദ്യോഗസ്ഥര്‍ വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ജപ്തി നടപടിക്കു മുന്നോടിയായി വീടും പുരയിടവും അളന്ന് തിട്ടപ്പെടുത്താന്‍ സഹകരണസംഘം ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഓട്ടോറിക്ഷാ ഡ്രൈവറായ വൈക്കം തോട്ടകം വാക്കേത്തറ തയ്യില്‍ ടിപി കാര്‍ത്തികേയനെ (61) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.15 നാണ് തോട്ടകം സര്‍വീസ് സഹകരണസംഘം ഉദ്യോഗസ്ഥര്‍ കാര്‍ത്തികേയന്റെ വീടും സ്ഥലവും അളന്ന് കുറ്റിയടിച്ചത്. ഇവര്‍ മടങ്ങിയശേഷം സഹോദരപുത്രന്‍ രാജേഷ് വീട്ടിലെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കാര്‍ത്തികേയനെ കാണുന്നത്.

2014 സെപ്റ്റംബര്‍ മൂന്നിനാണ് കാര്‍ത്തികേയന്‍ ഏഴ് ലക്ഷം രൂപ വായ്പയെടുത്തത്. അഞ്ച് ലക്ഷം രൂപ കാര്‍ത്തികേയന്റെ പേരിലും രണ്ട് ലക്ഷം രൂപ ഭാര്യയുടെ പേരിലുമാണ് എടുത്തത്. വീടും 14 സെന്റ് സ്ഥലവുമായിരുന്നു ഈട്. 2019ല്‍ തിരിച്ചടവിന്റെ കാലവധി കഴിഞ്ഞു. ഇതിനിടെ, ഏക മകളെ വിവാഹം ചെയ്ത് അയച്ചു.

2020ല്‍ സംഘം എആര്‍സി (ആര്‍ബിട്രേഷന്‍ കേസ്) ഫയല്‍ ചെയ്തു. പലിശ അടക്കം ഇളവുകള്‍ നല്‍കാമെന്ന് അറിയിച്ചിട്ടും കാര്‍ത്തികേയന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കാര്‍ത്തികേയന് വീടിനോട് ചേര്‍ന്ന് ചായക്കടയുണ്ടായിരുന്നു.

ഓട്ടോറിക്ഷയില്‍ നിന്നും ചായക്കടയില്‍ നിന്നുമുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മീര. മകള്‍: അശ്വതി. മരുമകന്‍: അനൂപ്.

Exit mobile version