ലഹരി മാഫിയ സംഘത്തലവന്റെ കൂടെ നിൽക്കുന്ന ചിത്രം പുറത്ത്; കോടഞ്ചേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കോഴിക്കോട്: ഒരുപാട് കോളിളക്കമുണ്ടാക്കിയ ലഹരി മാഫിയ സംഘത്തലവനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ രജിലേഷിനെയാണ് വടകര റൂറൽ എസ്പി അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഈ മാസം നാലിന് താമരശ്ശേരി കൂരിമുണ്ടയിൽ ആക്രമം നടത്തിയ അയൂബ് ഖാൻ എന്നയാൾക്ക് ഒപ്പമുള്ള രജിലേഷിന്റെ ചിത്രം പുറത്ത് വന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ കേസിൽ അറസ്റ്റിലായ ദീപുവിന്റെ വീട്ടുമുറ്റത്തു വച്ചാണ് ചിത്രം പകർത്തിയതെന്നും തെളിഞ്ഞിരുന്നു.

ഈ മാസം നാലിന് നടന്ന ആക്രമസംഭവത്തിൽ പരിസരവാസിക്ക് വെട്ടേറ്റിരുന്നു. പോലീസുകാരെയും നാട്ടുകാരെയും മർദ്ദിച്ച അയൂബും സംഘവും പോലീസ് വാഹനങ്ങളും കാറും തകർത്തിരുന്നു. ഈ കേസിൽ അയൂബ് ഉൾപ്പടെ പത്ത് പേർ റിമാൻഡിലാണ്.

രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമരം നടത്തുകയും എംകെ മുനീർ എംഎൽഎ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

Exit mobile version