നിപ മരണം നടന്ന വീട്ടില്‍ താമസിച്ച ദമ്പതികള്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തുപോയി: കേസെടുക്കാന്‍ പോലീസ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളായ ദമ്പതികള്‍ ക്വാറന്റീന്‍ ലംഘിച്ചു. നിപ മരണം നടന്ന മരുതോങ്കര കള്ളാട്ടെ വീട്ടില്‍ ഇവര്‍ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ വീട്ടിലാണ് ദമ്പതികള്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്തുപോയതായി കണ്ടെത്തിയത്.

ഏഴുപേര്‍ ക്വാറന്റീനില്‍ കഴിയുന്ന നാദാപുരത്ത് സ്രവ പരിശോധനയ്ക്കുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. മൊബൈല്‍ ലാബ് സംവിധാനത്തിലൂടെയുള്ള പരിശോധനയ്ക്ക് നാദാപുരം ഗവ. താലൂക്കാശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ജെപിഎച്ച്എന്‍ വിസ്മയ, ആശാവര്‍ക്കര്‍ അനില എന്നിവര്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോള്‍ യുവതിയും ഭര്‍ത്താവും സ്ഥലത്തില്ലായിരുന്നു.

ഈ സമയം കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയും ഭര്‍ത്താവും രാവിലെ വീട്ടില്‍ നിന്ന് പുറത്തുപോയെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ അറിഞ്ഞത്. ഉദ്യോഗസ്ഥര്‍ ഇവരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകര്‍ച്ചവ്യാധിനിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version