കരള്‍ പകുത്തു നല്‍കാന്‍ ഭാര്യ തയ്യാറായി! എന്നാല്‍ ഭാര്യയുടെ കരളും ചേരില്ലെന്നറിഞ്ഞതോടെ സുമനസ്സുകളുടെ സഹായം തേടി ഡോക്ടര്‍ ദമ്പതികള്‍

ഭാര്യ ഡോ. ശ്രീജയ്ക്ക് പിത്തരസം പുറന്തള്ളുന്ന കുഴലുകളുടെ എണ്ണം കൂടുതലായതിനാല്‍ കരള്‍ നല്‍കുന്നത് തടസ്സമായി.

കോട്ടയം: കരള്‍രോഗം ബാധിച്ച ഡോ. ലാല്‍ ആന്റണിയുടെ പ്രതീക്ഷയായിരുന്നു ഡോക്ടര്‍കൂടിയായ ഭാര്യ ശ്രീജയുടെ കരള്‍. എന്നാല്‍ പ്രതീക്ഷകള്‍ ബാക്കി നില്‍ക്കെ പരിശോധന ഫലം വന്നു. പരിശോധനയില്‍ നിരാശയായിരുന്നു ഫലം. ഭാര്യ ഡോ. ശ്രീജയ്ക്ക് പിത്തരസം പുറന്തള്ളുന്ന കുഴലുകളുടെ എണ്ണം കൂടുതലായതിനാല്‍ കരള്‍ നല്‍കുന്നത് തടസ്സമായി.

കോട്ടയം, കുടമാളൂര്‍ കല്ലൂര്‍തൊട്ടിയില്‍ ലാല്‍ ആന്റണിയും ശ്രീജയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സഹപാഠികളായിരിക്കെയാണ് പ്രണയത്തിലാകുന്നത്. പിന്നീട്, ലാല്‍ ആന്റണി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ശ്രീജ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംഡി നേടി. കോട്ടയം പനച്ചിക്കാട് പ്രഥമികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു ലാല്‍ ആന്റണി. ഇപ്പോള്‍ അവധിയിലാണ്. കമ്യൂണിറ്റി മെഡിസിനില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ മുമ്പ് എന്‍എച്ച്എം കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസറുമായിരുന്നു.

ചികിത്സയ്ക്കുള്ള സൗകര്യത്തിനുകൂടിയാണ് പനച്ചിക്കാട്ടേക്കു മാറ്റിയത്. ഡോ. ശ്രീജ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ലാല്‍ ആന്റണിയെയും അഞ്ചുവയസ്സുള്ള മകളെയും പരിചരിക്കേണ്ടതിനാല്‍ അവധിയിലാണ് ഇവര്‍. അഞ്ചുവര്‍ഷം മുമ്പാണ് ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

അമൃത മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കരള്‍ മാറ്റിവെയ്ക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇവിടെത്തന്നെ നടത്തിയ പരിശോധനയില്‍, കരള്‍ പകുത്തു നല്‍കുന്നത് ഡോ.ശ്രീജയുടെ ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തി. മറ്റു മൂന്നുപേര്‍കൂടി കരള്‍ നല്‍കാന്‍ മുന്നോട്ടുവന്നെങ്കിലും ലാല്‍ ആന്റണിയുടെ ശരീരവുമായി ചേര്‍ന്നില്ല. ‘ബി പോസിറ്റീവ്’ രക്തഗ്രൂപ്പ് ആയതിനാല്‍ അതേ ഗ്രൂപ്പിലുള്ളവരുടെയോ ‘ഒപോസിറ്റീവു’കാരുടെയോ കരള്‍ വേണം.

മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പെട്ടെന്ന് ലഭിക്കാന്‍ സാധ്യതയില്ല. ആരെങ്കിലും സ്വമേധയാ കരള്‍പകുത്തുനല്‍കാന്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണിവര്‍. സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരായതിനാല്‍ ചികിത്സയ്ക്ക് വായ്പ ലഭിക്കും. തുടര്‍ചികിത്സയ്ക്ക് വേറെ പണം കണ്ടെത്തുകയും വേണം. അനുയോജ്യമായ കരള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണിപ്പോള്‍.

Exit mobile version