ജനവിധിക്കായി കാത്തിരുന്ന് പുതുപ്പള്ളിയിലെ മത്സരാര്‍ത്ഥികള്‍, ശുഭ പ്രതീക്ഷയിലെന്ന് ജെയ്ക്, ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ പ്രതീക്ഷയോടെ ജനവിധിക്കായി കാത്തിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്ന് പറയുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇരുന്നാണ് ജെയ്ക് സി തോമസ് ഫലം അറിയുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

Also Read: പുതുപ്പള്ളി ഇനി ജയിക്കിനോ, ചാണ്ടി ഉമ്മനോ?, തിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഇന്ന് രാവിലെ പുതുപ്പള്ളി പള്ളിയിലെത്തി, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ചാണ്ടി ഉമ്മന്‍ തറവാടായ കരോട്ട് വള്ളക്കാലില്‍ വീട്ടിലേക്ക് മടങ്ങി. ഇവിടെയിരുന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണുക. തനിക്ക് വിജയം തന്നെയാണ് പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും പ്രതികരിച്ചു.

ലിജിന്‍ ലാല്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് തെരഞ്ഞെടുപ്പ് ഫലം അറിയുക. ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ രാവിലെ 9 മണിയോടെ ലഭിക്കും. 10 മണിയോടെ ഫലം അറിയാനാവുമെന്നാണ് കരുതുന്നത്.

Exit mobile version