ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? കേന്ദ്രം ആര്‍എസ്എസ് താല്‍പര്യം നടപ്പാക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റുന്ന നടപടി വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച ചെയ്യാതെയും ആരോടും ചോദിക്കാതെയും എന്തും ചെയ്യുമെന്ന മനോഭാവമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ആര്‍എസ്എസ് താല്‍പര്യം നടപ്പാക്കാനുള്ളവര്‍ എന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും
മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മതാധിഷ്ഠിത രാഷ്ട്രം നിര്‍മ്മിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ ഒരുവശത്ത് കൂടി ഭീഷണിപ്പെടുത്തുന്നു. മറുവശത്തുകൂടി പരസ്യമായി ഒന്നിച്ച് പോകാമെന്ന് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നടന്നത് കൃത്യമായ വംശഹത്യയാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അക്രമികളുടെ കൂടെ നിന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ‘ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് ‘ഇന്ത്യ’ എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തില്‍, നമ്മുടെ രാജ്യത്തെ ‘India, that is Bharat’ (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു.

അതുപോലെ, ഭരണഘടനയുടെ ‘ആമുഖം’ തുടങ്ങുന്നത് ‘We, the people of India’ എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്ര നേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്.

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ പഠിച്ചുവളരുന്ന ‘ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്’ എന്ന രാജ്യചിന്തയെ പോലും മനസ്സുകളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാന്‍. ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂടാ. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്’. അതിനാല്‍ രാജ്യത്തിന്റെ പേര് മാറ്റാനുള്ള നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Exit mobile version