സുന്നത്ത് കര്‍മ്മത്തിനിടെ നവജാതശിശുവിന്റെ ലിംഗം മുറിഞ്ഞ സംഭവം; രണ്ട്‌ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: സുന്നത്ത് കര്‍മ്മത്തിനിടെ നവജാതശിശുവിന്റെ ലിംഗം മുറിഞ്ഞുപോയ കേസില്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

ഇടക്കാല ആശ്വാസമായി സര്‍ക്കാറിനോട് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടന്ന ശാസ്ത്രക്രിയയിലാണ് 23 ദിവസം മാത്രം പ്രായമായ കുഞ്ഞിന് പരിക്കേറ്റത്.

ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പരിചയക്കുറവും ആധുനിക സൗകര്യങ്ങളില്ലാത്തതുമാണ് പ്രശ്‌നം ഗുരുതരമാക്കിയതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി. മാത്രമല്ല ഓപ്പറേഷന്‍ തിയേറ്ററും ഫാര്‍മസിയും നിബന്ധനകളും പാലിച്ചില്ല.

കുഞ്ഞിന്റെ ചികിത്സയ്ക്കായി രക്ഷിതാക്കള്‍ ഇതുവരെ ഒന്നോകാല്‍ ലക്ഷം രൂപ ചെലവാക്കിയതായി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയുമായി സമീപിച്ച മാതാപിതാക്കള്‍ക്ക് പോലീസിന്റെ ഭാഗത്ത് നിന്നും മോശമായ അനുഭവമാണ് ഉണ്ടായത്. ആശുപത്രിയുടെ സേവനം അപകടകരവും ആരോഗ്യത്തിന് ഹാനികരവുമാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ മൂത്രം പോകുന്നതിനായി അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥയിലാണ് കുഞ്ഞുള്ളത്. ഇതുകൊണ്ട് തന്നെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടത്.

Exit mobile version