മണ്ഡലകാലം അവസാനിച്ചിട്ടും നാണയങ്ങള്‍ എണ്ണിതീരുന്നില്ല: ശബരിമലയില്‍ നാണയങ്ങള്‍ എണ്ണാന്‍ എഐ യന്ത്രം വാങ്ങാന്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച നാണയങ്ങള്‍ തരംതിരിച്ച് എണ്ണാന്‍ ഇനി എഐ യന്ത്രവും. നാണയങ്ങള്‍ എണ്ണാനുള്ള പ്രയാസം പരിഗണിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യന്ത്രം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

തിരുപ്പതി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന എഐ യന്ത്രം മാതൃകയാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി ബോര്‍ഡ് ചര്‍ച്ച നടത്തി വരികയാണ്. സമാനമായ യന്ത്രം ശബരിമല ക്ഷേത്രത്തിലും കൊണ്ടുവരാനാണ് ബോര്‍ഡ് തീരുമാനം.

കഴിഞ്ഞ വര്‍ഷം നാണയങ്ങള്‍ എണ്ണിതീര്‍ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മണ്ഡലകാലം അവസാനിച്ചതിന് ശേഷവും നാണയം എണ്ണിതീര്‍ക്കുന്നതിനായി ആഴ്ചകളാണ് എടുത്തത്. ഏകദേശം 5.5 കോടി നാണയങ്ങളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഓരോ വര്‍ഷവും നാണയങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബോര്‍ഡ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

യന്ത്രത്തിന് ഏകദേശം 2.5 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് സഹായിക്കാന്‍ കഴിയുന്ന സ്‌പോണ്‍സര്‍മാരെ ബോര്‍ഡ് അന്വേഷിക്കുന്നുണ്ട്. യന്ത്രത്തിന്റെ വിലയുടെ 60 ശതമാനവും മുന്‍കൂറായി നല്‍കണം. എഐ യന്ത്രം നിര്‍മിക്കാന്‍ ആറുമാസത്തോളം സമയം ആവശ്യമാണ്.

2024ലെ മണ്ഡലകാലത്തിന് മുന്‍പ് യന്ത്രം സ്ഥാപിക്കാനാണ് ബോര്‍ഡിന്റെ പദ്ധതി. മെഷീനിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ഒരു സാങ്കേതിക ടീമിനെ അയക്കും. ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പുറത്തുനിന്നുള്ള വിദഗ്ധരും ഇതില്‍ ഉണ്ടാകും. ശ്രീകോവിലിന് മുമ്പുള്ള കണ്‍വെയര്‍ ബെല്‍റ്റും മെഷീനുമായി ബന്ധിപ്പിക്കാനാണ് ബോര്‍ഡിന്റെ പദ്ധതി.

Exit mobile version