സ്‌കൂൾ വിട്ട് മടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാനും കയറി പിടിക്കാനും ശ്രമം; ബിഹാർ സ്വദേശി കായംകുളത്ത് പിടിയിൽ

ആലപ്പുഴ: കായംകുളം വള്ളിക്കുന്നത്ത് സ്‌കൂളിൽ നിന്നും മടങ്ങുകയായിരുന്ന അഞ്ചാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നാട്ടുകാരുടെ സഹായത്തോടെ ബിഹാർ സ്വദേശിയായ കുന്ദൻകുമാർ(29) എന്നയാളെയാണ് പോലീസ് പിടികൂടിയത്.

ഇയാൾ കായംകുളം വള്ളിക്കുന്നത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. സ്‌കൂൾ വിട്ട് മടങ്ങുകയായിരുന്ന പത്തുവയസ്സുകാരിയെ പ്രതി ആദ്യം കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറിയ കുട്ടിയെ പിന്നീട് തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

അഞ്ചാംക്ലാസ് വിദ്യാർഥിനി വീട്ടിലേക്ക് പോകുന്ന വഴിയിൽ താമസിക്കുന്ന പ്രതി കുന്ദൻകുമാർ തിങ്കളാഴ്ച ജ്യൂസ് വാങ്ങിനൽകി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. പിന്നാലെ ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

വൈകിട്ട് കുട്ടി സ്‌കൂൾ വിട്ടുവരുന്നതിനിടെയായിരുന്നു കടന്നുപിടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചത്. വഴിയിൽ കാത്തിരുന്ന പ്രതി പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് പത്തുവയസ്സുകാരിയെയും കൂട്ടി സമീപത്തെ കടയിലേക്ക് ഓടിക്കയറിയത്.

ALSO READ- അമിക്കസ് ക്യൂറിക്ക് ദിലീപുമായി അടുത്ത ബന്ധം; സാമ്പത്തിക ഇടപാടുകൾ; നടിയെ ആക്രമിച്ച കേസിലെ അമിക്കസ് ക്യൂറി രഞ്ജിത്‌ മാരാരെ ഹൈക്കോടതി ഒഴിവാക്കും

കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പ്രതിയെ കൈയോടെ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. എല്ലാദിവസവും ഇയാൾ സ്‌കൂൾ കുട്ടികളെ നിരീക്ഷിച്ച് വഴിയരികിൽ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Exit mobile version