പ്രവാസിയുടെ വീട്ടില്‍ നിന്നും 15 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു, പോലീസ് നായ മണം പിടിച്ചെത്തിയത് അയല്‍വാസിയുടെ വീട്ടില്‍, അറസ്റ്റ്

പള്ളിപ്പുറം പുതുവല്‍ ലൈനില്‍ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്.

തിരുവനന്തപുരം: മംഗലപുരത്ത് വീടിന്റെ ജനല്‍ കമ്പി അറുത്ത് 15 പവന്‍ കവര്‍ന്നു. സംഭവത്തില്‍ അയല്‍ക്കനെ മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയിലായി. പള്ളിപ്പുറം പുതുവല്‍ ലൈനില്‍ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. 15 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

പോലീസ് നായ മണം പിടിച്ച് പോയത് അയല്‍വാസിയായ ഹുസൈന്റെ വീട്ടില്‍. ചോദ്യം ചെയ്യലില്‍ അയല്‍വാസിയായ ഹുസൈന്‍ കുറ്റം സമ്മതിച്ചു. മുഹമ്മദ് ഹസന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം ഷോപ്പിങ്ങിനായി പുറത്ത് പോയതായിരുന്നു. മടങ്ങിയെത്തി ആഭരണങ്ങള്‍ അഴിച്ച് ഷെല്‍ഫില്‍ വെക്കാന്‍ നോക്കുമ്പോള്‍ അവിടെ നേരത്തെ ഉണ്ടായിരുന്ന സ്വര്‍ണ്ണ ആഭരണങ്ങള്‍ കണ്ടില്ല. വീടിന്റെ പൂട്ട് പൊളിക്കാഞ്ഞതിനാല്‍ കള്ളന്‍ കയറി എന്ന സംശയം ആദ്യം ഉണ്ടായില്ല. വീട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചില്ല.


ഇതോടെ കുടുംബം മംഗലപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍കമ്പി ഇളകിയ നിലയില്‍ കണ്ടത്.

പിന്നീട് ഡോഗ് സ്വാഡ് എത്തി പരിശോധിച്ചു. മണം പിടിച്ച പോയ പോലീസ് നായ ആദ്യം എത്തിയത് അയല്‍പക്കത്തെ ഹുസൈന്റെ വീട്ടിലേക്കാണ്. സ്വര്‍ണ്ണം നഷ്ടപ്പെട്ട വീടിനടുത്തായി ഹുസൈന്‍ പമ്മി നടക്കുന്നത് കണ്ടെന്ന് അയല്‍ക്കാരുടെ മൊഴിയും പോലീസിന് കിട്ടി. ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു. അതേസമയം, വീടിനടുത്തായി ചവറ് കൂനയില്‍ ഒളിപ്പിച്ച സ്വര്‍ണ്ണവും തിരിച്ചെടുത്തു.

Exit mobile version