52 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ക്ലാസ് മുറിയില്‍ ഒത്തുകൂടി എംഎ യൂസഫലിയും കൂട്ടുകാരും

തൃശ്ശൂര്‍: ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം…പഠന കാലം കഴിഞ്ഞാല്‍ എല്ലാ മലയാളിയും ഹൃദയത്തോട് ചേര്‍ക്കുന്ന നൊസ്റ്റാള്‍ജിയയാണ് ഒഎന്‍വിയുടെ ഈ വരികള്‍.

52 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുമിച്ച് ഒരേ ക്ലാസ് മുറിയില്‍ ഒത്തുകൂടിയിരിക്കുകയാണ് എംഎ യൂസഫലിയും കൂട്ടുകാരും. കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്‌കൂളിലാണ് കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊപ്പമിരുന്ന് കേക്ക് മുറിച്ചും അട കഴിച്ചും എംഎ യൂസഫലി സ്‌കൂള്‍ കാല ഓര്‍മ്മകളിലേക്ക് നടന്നത്. ഒപ്പം പഠിച്ച സ്‌കൂളിന് 50 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു.

തൃശൂര്‍ കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഹൈസ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലേക്കാണ് എം എ യൂസഫലിയെത്തിയത്. 1970-71 പത്താം ക്ലാസ് ബാച്ചിന്റേതായിരുന്നു സംഗമം. 52 വര്‍ഷം മുമ്പത്തെ അമ്പതോളം ഹൈസ്‌ക്കൂള്‍ സഹപാഠികളും അധ്യാപകരും ഒത്തു ചേര്‍ന്നു. സംഗമത്തില്‍ അന്നത്തെ നാട്ടികക്കാരനായി യൂസഫലിയും ചേര്‍ന്നു.

വാര്‍ധക്യം അലട്ടിയിട്ടും പഴയ വിദ്യാര്‍ത്ഥികളെ കാണാന്‍ അധ്യാപകരും സ്‌കൂളിലെത്തി. അന്ന് പഠിച്ച അതേ ക്ലാസ് റൂമിലിരുന്ന് ഓര്‍മകള്‍ പങ്കു വെച്ചു. അധ്യാപകരെ ആദരിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടു. തൃപ്രയാറില്‍ നിന്നും കരാഞ്ചിറ സ്‌കൂളിലേക്ക് നടന്നു വന്ന കാലത്തെ പറ്റി സംസാരിക്കുകയും ചെയ്തു.

സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് 50 ലക്ഷം രൂപ നല്‍കാമെന്നേറ്റാണ് യൂസഫലി മടങ്ങിയത്. അര നൂറ്റാണ്ടു മുമ്പത്തെ സൗഹൃദം പുതുക്കാനായതിന്റെ ആവേശമായിരുന്നു ഓരോര്‍ത്തര്‍ക്കും. പഴയ വിദ്യാര്‍ത്ഥികളെ വീണ്ടും അരികില്‍ കിട്ടിയതിന്റെ സന്തോഷം പങ്കു വെക്കാന്‍ അധ്യാപകരും മറന്നില്ല.

Exit mobile version