ഉമ്മന്‍ചാണ്ടി നല്‍കിയ വാക്ക്: ഒന്ന് ചോദിച്ചപ്പോള്‍ രണ്ട് സ്‌കൂള്‍ ബസ്സ് സമ്മാനിച്ച് യൂസഫലി

പുതുപ്പള്ളി: പുതുപ്പള്ളി എറികാട് ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍ ഇനി സ്‌കൂളിലെത്തുക ജനനായകന്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണകളുണര്‍ത്തുന്ന ബസുകളില്‍. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയ്ക്കായി രണ്ട് ബസുകള്‍ സമ്മാനിച്ചിരിക്കുകയാണ് പ്രമുഖ വ്യവസായി എംഎ യൂസഫലി.

കുട്ടികള്‍ക്ക് യാത്രാ സൗകര്യത്തിന് ബസ് അനുവദിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യൂസഫലിയുമായി സംസാരിക്കാമെന്ന് അദ്ദേഹം വാക്കും കൊടുത്തു. പിന്നീട് ഉമ്മന്‍ചാണ്ടിക്ക് ചികിത്സാക്കാലമായി. കാര്യങ്ങള്‍ അനുകൂലമായി നടന്നില്ല.

അങ്ങനെയാണ് യൂസഫലി ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ എത്തുന്നെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. കുട്ടികളെയും കൂട്ടി അവിടെയെത്തി യൂസഫലിയെ കണ്ട് വിവരം ധരിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹവും ഇവര്‍ ശ്രദ്ധയില്‍പ്പെടുത്തി. പിന്നെയെല്ലാം വേഗത്തിലായി.

ഒരു ബസ് ആവശ്യപ്പെട്ടിടത്ത് യൂസഫലി രണ്ട് ബസുകളാണ് നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണക്കായി ബസുകളില്‍ ‘വേര്‍പിരിയാത്ത ഓര്‍മകള്‍ക്കായി’ എന്ന കുറിപ്പും ഉമ്മന്‍ചാണ്ടിയുടെ ചിത്രവും പിന്‍ഗ്ലാസ്സില്‍ പതിച്ചു. മുന്‍പിലെ ചില്ലില്‍ ചിത്രവും.

ഉമ്മന്‍ചാണ്ടിയുടെ സ്മരണക്കായി അനുവദിച്ച രണ്ടു ബസുകളുടെ സമര്‍പ്പണം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. നിര്‍വഹിക്കും. യൂസഫലിയോടുള്ള ആദരസൂചകമായി മെമന്റോ സമര്‍പ്പണവും ഇതോടൊപ്പം നടക്കും. കുട്ടികളെക്കൂട്ടിയുള്ള ആദ്യയാത്ര പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്കാകും.

Exit mobile version