മലയാള സിനിമയുടെ കനത്ത നഷ്ടം: സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങള്‍ ഹാസ്യത്തിലൂടെ അവതരിപ്പിച്ച സംവിധായകന്‍; സിദ്ദീഖിനെ അനുസ്മരിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍

തിരുവനന്തപുരം: സംവിധായകന്‍ സിദ്ദിഖിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങള്‍ ഹാസ്യത്തിലൂടെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ സംവിധായകന്‍ ആണ് സിദ്ദിഖ്. കാലം എത്ര കഴിഞ്ഞാലും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങള്‍ സിദ്ദിഖിന്റെ എല്ലാ ചിത്രങ്ങളിലും ഉണ്ടെന്നും സ്പീക്കര്‍ അനുസ്മരിച്ചു.

ലാല്‍ എന്ന സംവിധായകനോടൊപ്പം ചേര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും, ഒറ്റയ്ക്ക് ചെയ്ത ചിത്രങ്ങളും എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിലെ ചില ഡയലോഗുകള്‍ നമ്മള്‍ നിത്യജീവിതത്തില്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്.

ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സിദ്ദിഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിദ്ദിഖിന്റെതായി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ചലച്ചിത്ര ആസ്വാദകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഷംസീര്‍ അറിയിച്ചു.

Exit mobile version