ആലപ്പുഴ പിടിയ്ക്കാന്‍ നടന്‍ സിദ്ദിഖിനെ ഇറക്കാനൊരുങ്ങി കോണ്‍ഗ്രസ്

ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നടന്‍ സിദ്ദിഖിനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. മത സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് നീക്കം. അതിനിടെ പത്തനംതിട്ട മാറ്റി കോട്ടയം നല്‍കണമെന്ന് ആന്റോ ആന്റണി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഘടകകക്ഷിക്ക് നല്‍കിയ സീറ്റില്‍ മാറ്റം വരുത്തിയേക്കില്ല.

കെസി വേണുഗോപാല്‍ ആലപ്പുഴയ്ക്ക് ഇല്ലെങ്കില്‍ പിന്നെ ആ സീറ്റില്‍ മതസാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ജനപിന്തുണ, പുതുമുഖം ഈ പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് നടന്‍ സിദ്ധിഖിലേക്ക് ചര്‍ച്ചകള്‍ എത്തിയത്.

മത സാമുദായിക സമവാക്യങ്ങള്‍ ഒന്നും പരിഗണിക്കാതെ കോണ്‍ഗ്രസ് മുന്നോട്ടുപോയാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം ഉള്ളവരുടെ മറ്റൊരു പട്ടികയും ഉണ്ട്. സംവരണ സീറ്റായ മാവേലിക്കരയിലും പത്തനംതിട്ടയിലും തോല്‍വി ഉണ്ടാകും എന്ന റിപ്പോര്‍ട്ട് പാര്‍ട്ടി ഗൗരവമായി കണ്ടിട്ടുണ്ടെങ്കിലും മാവേലിക്കരയില്‍ അവസാന നിമിഷം പകരക്കാരനെ കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ലെന്നാണ് പാര്‍ട്ടി നിലപാട്.

കൊടിക്കുന്നില്‍ സുരേഷ് മാറിയാല്‍ കെപിസിസി വൈസ് പ്രസിഡണ്ട് വിപി സജീന്ദ്രന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. മാറണം എന്ന താല്പര്യം കൊടിക്കുന്നിലിനും ഉണ്ട്. പത്ത് തവണയായി മത്സരരംഗത്ത് ഉണ്ടെന്നാണ് കൊടിക്കുന്നില്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടുള്ളത്

പത്തനംതിട്ട പഴയപോലെ സുരക്ഷിതമല്ലെന്നാണ് ആന്റോ ആന്റണി കരുതുന്നത്. പാര്‍ട്ടിയിലെ തന്നെ ഭിന്ന സ്വരം തിരിച്ചടിയാകുമെന്ന ഭയവുമുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലം മാറ്റിത്തരണമെന്ന് ആവശ്യം നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടി പച്ചക്കൊടി കിട്ടിയിട്ടില്ല. കോട്ടയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ്. ഫ്രാന്‍സിസ് ജോര്‍ജ് ആകും സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തില്‍ കോട്ടയം മാറ്റി പത്തനംതിട്ട വാങ്ങാന്‍ അവര്‍ തയ്യാറാവുകയുമില്ല

Exit mobile version