പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറത്തരുത്: നോ ഫ്‌ളയിങ് സോണ്‍ ആക്കണമെന്ന് പോലീസ്

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ കര്‍ശനമാക്കുന്നു.
ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറത്തരുതെന്ന് പോലീസ്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പോലീസിന്റെ നിര്‍ദ്ദേശം. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് നടപടി. സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായേക്കും.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പലതവണ പറന്നത് വിവാദമായിരുന്നു. കഴിഞ്ഞ 28നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ അനധികൃതമായി പറന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.

സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ അഞ്ച് തവണ ക്ഷേത്രത്തിന് മുകളിലൂടെ പറന്നു. ക്ഷേത്ര ട്രസ്റ്റ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കി. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.

സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു വിമാനമാണ് പറന്നത്. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷന്‍ അധികൃതര്‍ പോലീസിനോട് വ്യക്തമാക്കി. സൈന്യത്തില്‍ നിന്നു വിരമിച്ച പൈലറ്റുമാര്‍ സ്വകാര്യ വിമാനക്കമ്പനികളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഇത്തരം പരിശീലന പറത്തലുകള്‍ നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു.

അമൂല്യനിധി ശേഖരമുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വലിയ സുരക്ഷ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പക്ഷെ അപ്രതീക്ഷിതമായി ഹെലികോപ്റ്റര്‍ പറന്നതിനെ തുടര്‍ന്ന് ക്ഷേത്ര ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമായാതിനാല്‍ ഡ്രോണ്‍ നിരോധിത മേഖലയാണ്. പക്ഷെ ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നതിന് നിരോധനമില്ല. സുരക്ഷ മുന്‍ നിര്‍ത്തി ഹെലികോപ്റ്ററിനും നിരോധനം കൊണ്ടുവരണമെന്ന ശുപാര്‍ശയാണ് സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ഡിജിപിക്ക് നല്‍കിയത്. ഈ ശുപാര്‍ശ ഡിജിപി സര്‍ക്കാരിന് കൈമാറിയാല്‍ കേന്ദ്ര വ്യോമയാന മന്ത്രാലത്തിന് കൈമാറും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് അന്തിമവിജ്ഞാപനം ഇറക്കേണ്ടത്.

Exit mobile version