തൃശൂരില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി

തൃശൂര്‍: തൃശൂരില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, ദില്‍ജിത്ത് എന്നിവരെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്. കുട്ടികളിലൊരാളെ കണ്ടയാള്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.

ഇന്നലെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ കുടുംബവും തെരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.

വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകനാണ് അര്‍ജുന്‍ (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകനാണ് ദില്‍ജിത്ത് (14). ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തെരച്ചിലാണ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയത്. അതിനിടെ ഇന്നലെ രാവിലെ കുട്ടികള്‍ വൈറ്റില ഹബ്ബില്‍ നിന്ന് ബസില്‍ കയറിയതും നിര്‍ണായക വിവരമായി.

Exit mobile version