ഡ്രൈവര്‍ മദ്യപിച്ച് ഓട്ടോ ഓടിച്ചു, വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പെട്ടു; അറസ്റ്റ്

എറണാകുളത്ത് നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയാണ് ഡിപി വേള്‍ഡിന് സമീപം വച്ചു മറ്റൊരു വാഹനത്തില്‍ ഇടിച്ച് അപകടം ഉണ്ടായത്.

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുന്ന ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഓട്ടോയിലുണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്ക്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. വല്ലാര്‍പാടം ഡിപി വേള്‍ഡിന് മുന്‍വശമാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയാണ് ഡിപി വേള്‍ഡിന് സമീപം വച്ചു മറ്റൊരു വാഹനത്തില്‍ ഇടിച്ച് അപകടം ഉണ്ടായത്.

ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആണ് ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയത്.

സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ വൈപ്പിന്‍ ഓച്ചന്‍തുരുത്ത് വലിയവീട്ടില്‍ ജോണ്‍സനെ (39) പോലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായ വാഹനം ഓടിച്ചതിനും ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരവും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version