റഫ്രിജറേറ്ററിന്റെ ഗുണനിലവാരമില്ലായ്മ; ഉപഭോക്താവിന് മൂന്ന് ഇരട്ടിയോളം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

സാംസങ്ങ് കമ്പനിയുടെ റഫ്രിജറേറ്റര്‍ വാങ്ങിയ ഉപഭോക്താവിന് മതിയായ വില്‍പനാനന്തര സേവനം നല്‍കാത്തതിലെ വീഴ്ച്ച പരിഗണിച്ചാണ് മൂന്ന് ഇരട്ടിയോളം തുക നഷ്ടപരിഹാരം നല്‍കാന്‍ പാലക്കാട് ജില്ലാ കണ്‍സ്യൂമര്‍ ഫോറം ഉത്തരവിട്ടത്.

പാലക്കാട്: റഫ്രിജറേറ്റര്‍ വാങ്ങി ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ കേടായി. ഉടമയുടെ പരാതിയില്‍ മൂന്ന് ഇരട്ടിയോളം നഷ്ടപരിഹാരം വിധിച്ച് ജില്ലാ കണ്‍സ്യൂമര്‍ ഫോറം. സാംസങ്ങ് കമ്പനിയുടെ റഫ്രിജറേറ്റര്‍ വാങ്ങിയ ഉപഭോക്താവിന് മതിയായ വില്‍പനാനന്തര സേവനം നല്‍കാത്തതിലെ വീഴ്ച്ച പരിഗണിച്ചാണ് മൂന്ന് ഇരട്ടിയോളം തുക നഷ്ടപരിഹാരം നല്‍കാന്‍ പാലക്കാട് ജില്ലാ കണ്‍സ്യൂമര്‍ ഫോറം ഉത്തരവിട്ടത്.

2018 ഏപ്രില്‍ 14 നാണ് മണ്ണാര്‍ക്കാട് അരകുര്‍ശ്ശി അരങ്ങത്ത് വീട്ടില്‍ എം. പുരുഷോത്തമന്‍, പാലക്കാട് ദാസ് ഏജന്‍സിയില്‍ നിന്ന് അമ്പത്തിയയ്യായിരം രൂപയ്ക്ക് റഫ്രിജറേറ്റര്‍ വാങ്ങിയത്. ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ അത് കേടാവുകയും ചെയ്തു. പിന്നീട് പുരുഷോത്തമന്‍ പരാതി നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ പരാതിയില്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ച് പ്രസിഡന്റ് വിനയ് മേനോന്‍, അംഗം എന്‍ കെ കൃഷ്ണന്‍ കുട്ടി എന്നിവരടങ്ങിയ പാലക്കാട് ജില്ലാ കണ്‍സ്യൂമര്‍ ഫോറം മൂന്ന് ഇരട്ടിയോളം തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.

ഒരു വര്‍ഷത്തിനകം തന്നെ ഭാഗികമായി പ്രവര്‍ത്തനം നിലച്ച റഫ്രിജറേറ്റര്‍ ഒരു വര്‍ഷവും മൂന്ന് മാസവും ആയപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായെന്ന് പരാതിയില്‍ പറയുന്നു. വാറന്റി കാലാവധി അവസാനിച്ചു എന്ന കാരണം പറഞ്ഞ് റഫ്രിജറേറ്റര്‍ നന്നാക്കുന്നത് ആവശ്യമായ സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പാലക്കാട് കണ്‍സ്യൂമര്‍ ഫോറം വിശദമായ വാദം കേള്‍ക്കുകയും അനുകൂലവിധി നല്‍കുകയും ചെയ്തു.

വിധി പ്രകാരം സാംസങ്ങ് കമ്പനി പരാതിക്കാരന് 2018 മുതല്‍ പത്ത് ശതമാനം പലിശ സഹിതം റഫ്രിജറേറ്ററിന്റെ വിലയായ 55,000/ രൂപ പൂര്‍ണമായും തിരിച്ച് നല്‍കണമെന്നും, സേവനങ്ങളുടെ പോരായ്മയ്ക്കും തെറ്റായ കച്ചവടരീതികള്‍ക്കും 30,000/ രൂപയും, പരാതിക്കാരനുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് 25,000/ കേസിന്റെ നടത്തിപ്പ് ചിലവിലേക്കായി 20,000/ രൂപയും നല്‍കണം. ജൂലൈ 10-നാണ് കണ്‍സ്യൂമര്‍ ഫോറം വിധി പുറപ്പെടുവിച്ചത്.

Exit mobile version