കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞ് ലോറി ഡ്രൈവറെ ആക്രമിച്ചു; അഞ്ച് ആസാം സ്വദേശികള്‍ അറസ്റ്റില്‍

മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനെയാണ് ഇവര്‍ ആക്രമിച്ചത്.

കൊച്ചി: കോതമംഗലത്ത് ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ആസാം സ്വദേശികളായ ബഹ്‌റുല്‍ ഇസ്ലാം (18), ജനനത്തുല്‍ ഹക്ക് (20), മൂര്‍ഷിദുല്‍ ഇസ്ലാം (19), അനാറുള്‍ ഇസ്ലാം (25), ദിന്‍ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനെയാണ് ഇവര്‍ ആക്രമിച്ചത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയില്‍ ലോറിയുമായി എത്തിയ നൗഫല്‍ പ്ലൈവുഡ് ലോഡ് ലോറിയില്‍ കയറ്റിയിരുന്നു. തുടര്‍ന്ന് ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജേലി ചെയ്തിരുന്നവരാണ് അഞ്ച് പ്രതികളും. ഇവര്‍ക്ക് നല്‍കിയ കെട്ട് കൂലി കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് നൗഫലിനെ ആക്രമിച്ചത്.

പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നൗഫലിന് കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പരിക്കുകളും സംഭവിച്ചു. തുടര്‍ന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ പി.റ്റി. ബിജോയ്, എസ്. ഐ മാരായ അല്‍ബിന്‍ സണ്ണി, പി.വി. എല്‍ദോസ്, എസ്.സി.പി.ഒ ബേസില്‍ ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Exit mobile version