‘സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്ന ആദരവിനോളം വരില്ല ഒരു ബഹുമതിയും’ ; വിനയന്‍

ഉമ്മന്‍ ചാണ്ടിക്ക് ജനങ്ങള്‍ നല്‍കുന്ന ആദരവിനെക്കുറിച്ച് തുറന്നു പറയുകയാണ് വിനയന്‍

കൊച്ചി: ഊണും ഉറക്കവുമില്ലാതെ രാവും പകലുമില്ലാതെ ജനങ്ങള്‍ക്കായ് ജീവിതം ഉഴിഞ്ഞുവച്ച ഉമ്മന്‍ചാണ്ടിയെന്ന ജനനേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം. പൊരിവെയിലിലും മഴയിലും അണമുറിയാത്ത ജനപ്രവാഹമാണ് കോട്ടയത്ത് കാണാന്‍ സാധിച്ചിരുന്നത്. സങ്കട കണ്ണീരുമായി വഴിയോരങ്ങളില്‍ ആയിരങ്ങള്‍ കാത്തുനിന്നതോടെ 152 കിലോമീറ്റര്‍ താണ്ടാന്‍ മണിക്കൂറുകളാണ് വേണ്ടി വന്നത്.

ഇപ്പോഴിതാ, ഉമ്മന്‍ ചാണ്ടിക്ക് ജനങ്ങള്‍ നല്‍കുന്ന ആദരവിനെക്കുറിച്ച് തുറന്നു പറയുകയാണ് വിനയന്‍. സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്ന ആദരവിനോളം വരില്ല ഒരു ബഹുമതിയുമെന്നാണ് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വിനയന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘സമയത്തേക്കാള്‍ വില സ്‌നേഹത്തിനു കൊടുത്ത ജനനായകന്റെ സമയരഥത്തിലുള്ള ഈ യാത്ര ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണ്. അധികാരം കൈയ്യിലില്ല, സഹിച്ച അപമാനങ്ങള്‍ ഏറെയാണ്… നിഷ്‌കരുണം തന്നെ തേജോവധം ചെയ്തവരെ പോലും പുഞ്ചിരി കൊണ്ട് നേരിട്ട മഹാനുഭാവാ… അങ്ങേയ്ക്ക് സാധാരണക്കാരായ ജനങ്ങള്‍ തന്ന ഈ ആദരവ്, ഈ നിഷ്‌കളങ്ക സ്‌നേഹം.. അതിനോളം വരില്ല ഒരു ബഹുമതിയും.. പക്ഷേ.. അതു കാണാന്‍ അങ്ങേയ്ക്ക് ആകില്ലല്ലോ…? മറ്റ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാകട്ടേ… ഈ OC യുടെ ഓര്‍മ്മകള്‍…’, വിനയന്‍ കുറിച്ചു.

അതേസമയം, ജനനേതാവിനെ കാണാന്‍ പതിനായിരക്കണക്കിന് പേരാണ് തിരുനക്കര മൈതാനിയില്‍ എത്തിയത്. വളരെ കഷ്ടപ്പെട്ടാണ് പോലീസ് തിരക്ക് നിയന്ത്രിച്ചത്. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിലെത്തി ആദരമര്‍പ്പിച്ചു.

Exit mobile version