നായകന്റെ മുഖത്ത് ഒന്നും വരാൻ പോകുന്നില്ലെന്ന് കമൻറ്; കിടിലൻ മറുപടിയുമായി സംവിധായകൻ വിനയൻ

പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ പശ്ചാത്തലമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് . നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരായി നായക വേഷത്തിൽ എത്തുന്നത് സിജു വിൽസൺ ആണ്. സിജുവിൻറേതടക്കമുള്ള, ചിത്രത്തിലെ ക്യാരക്റ്റർ പോസ്റ്ററുകൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോൾ വിനയന് ലഭിച്ച ഒരു കമൻറും അതിന് അദ്ദേഹം നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്. പുതുമുഖനടി നിയ അവതരിപ്പിക്കുന്ന വേലായുധ പണിക്കരുടെ ഭാര്യയായ വെളുത്തയുടെ ക്യാരക്റ്റർ പോസ്റ്ററാണ് വിനയൻ അവതരിപ്പിച്ചത്. സിജു വിൽസണെ ഇകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു കമൻറുകളിൽ ഒന്ന്.

‘എല്ലാം കൊള്ളാം. ബട്ട് പടത്തിലെ നായകൻ താങ്കൾ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാൻ പോകുന്നില്ല’, എന്നായിരുന്നു കമൻറ്. എന്നാൽ സിജു വിൽസൺ എന്ന നടനിൽ സംവിധായകൻ എന്ന നിലയിലുള്ള തൻറെ ആത്മവിശ്വാസം വെളിവാക്കുന്നതായിരുന്നു വിനയൻറെ വാക്കുകൾ- ‘ഈ സിനിമ കണ്ടു കഴിയുമ്പോൾ മാറ്റിപ്പറയും.. താങ്കൾ സിജുവിൻറെ ഫാനായി മാറും ഉറപ്പ്..’, എന്നാണ് വിനയൻ കുറിച്ചത്.

ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിൻറെ നിർമ്മാണം. കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക.

Exit mobile version