ഗ്രാമത്തിലെ ദാരിദ്ര്യത്തിൽ നിന്നും ദുബായിലെ വ്യവസായ പ്രമുഖനിലേക്ക്; ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയർന്ന ഷമീർ അലി; മലയാളികൾക്ക് പ്രചോദനമായി ഈ പ്രവാസി യുവ വ്യവസായി

ദുബായ്: എല്ലാവിധ സാമ്പത്തിക പരാധീനതകളും അനുഭവിക്കുന്ന, പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന മുഹമ്മദ് ഷമീർ അലിയെ ഇന്ന് ലോകം അറിയുന്നത് ആഡംബരത്തിന്റെ മറുവാക്കായ ദുബായ് നഗരത്തിലെ സമ്പന്ന യുവവ്യവസായിയാണ്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സമ്പന്നതയിലേക്ക് കണ്ണുതുറന്നയാളല്ല മുഹമ്മദ് ഷമീർ അലി. കഠിനധ്വാനവും വിജയം ഉറപ്പിക്കും വരെ പൊരുതാനുള്ള ദൃഢനിശ്ചയവുമാണ് മുഹമ്മദ് ഷമീർ അലിക്ക് കാലം ഇന്നത്തെ സൗഭാഗ്യങ്ങൾ സമ്മാനിച്ചത്.

ചോർന്നൊലിക്കുന്ന ചെറിയൊരു വാടകവീട്ടിൽ ഏഴുപേരടങ്ങുന്ന കുടുംബത്തിന്റെ ഭാരം മൂത്തമകനന്നെ നിലയിൽ ഏറ്റെടുക്കേണ്ടി വന്നതുമുതലാണ് മുഹമ്മദ് ഷമീർ അലിയെന്ന കഠിനധ്വാനിയുടെ ജീവിതം ആരംഭിക്കുന്നത്. കുട്ടിക്കാലത്ത് വലിയ സാമ്പത്തിക പ്രശ്‌നങ്ങളില്ലാത്ത സാധാരണ മിഡിൽ ക്ലാസ് കുടുംബമായിരുന്നു മുഹമ്മദ് ഷമീർ അലിയുടേത്.

ഗ്രാൻഡ് പാരന്റ്‌സായ അത്തത്തയും അത്തമ്മയും ഉപ്പയും ഉമ്മയും ഒരു സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബമായിരുന്നു ഷമീർ അലിയുടേത്. പിഡബ്ല്യുഡി കോൺട്രാക്ടറായിരുന്ന അത്തത്തയുടെ വരുമാനം ജീവിക്കാൻ പര്യാപ്തമായിരുന്നു. എന്നാൽ ഷമീർ അലിയുടെും കുടുംബത്തിന്റെയും ജീവിതം നാടകീയമായ വഴിത്തിരിവിലെത്തിയത് ആ സമയത്താണ്. അത്തത്ത ഏറ്റെടുത്ത ഒരു സർക്കാർ പ്രോജക്ട് വലിയ നഷ്ടമായതോടെ വീടുൾപ്പടെ കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി കുടുംബത്തിന് കടം തീർക്കേണ്ടി വന്നു.

ഒടുവിൽ ആ ഏഴംഗ കുടുംബം ചെറിയൊരു വാടക വീട്ടിലേക്ക് ചേക്കേറി. കൈയ്യിൽ ബാക്കിയായ തുക വെച്ച് പിതാവ് മുഹമ്മദ് അലി ചെറിയൊരു ബിസിനസ് തുടങ്ങിയെങ്കിലും വലിയൊരു നഷ്ടത്തിലേക്കാണ് അത് കൂപ്പുകുത്തിയത്. പിന്നീട് കുടുംബം പോറ്റാനായി ഭാര്യാ സഹോദരനോടൊപ്പം മുഹമ്മദ് അലി സൗദി അറേബ്യയിലേക്ക് ജോലി തേടി പോയി. അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിലെ ചെറിയ സമ്പാദ്യമായിരുന്നു കുടുംബത്തിനെ പിന്നീട് പട്ടിണിയിൽ നിന്നും കരകയറ്റിയത്.

കഷ്ടപ്പാടുകളും കടങ്ങളും പൂർണമായും വിട്ടൊഴിയാതെ വന്നതോടെയാണ് കുടുംബത്തിന് വേണ്ടി മൂത്തമകനായ ഷമീർ അലിക്ക് പൊരുതി തുടങ്ങേണ്ടി വന്നത്. കുട്ടിക്കാലം തൊട്ടേ ബിസിനസിലൊരു മികവ് ഷമീർ അലിക്ക് ഉള്ളിലുണ്ടായിരുന്നു. 13ാമത്തെ വയസിലാണ് ഷമീർ അലി തന്റെ ഉള്ളിലെ ബിസിനസുകാരനെ തിരിച്ചറിഞ്ഞത്. അത്തമ്മ സ്‌നേഹത്തോടെ സമ്മാനിച്ച തന്റെ ഏക സമ്പാദ്യമായ സൈക്കിൾ വിൽക്കേണ്ട ഒരു അവസ്ഥ വന്നപ്പോഴായിരുന്നു അത്. 650 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ ഷമീർ അലിക്ക് 850 രൂപയ്ക്ക് വിൽക്കാൻ സാധിച്ചു. വലിയ ലാഭമുള്ള കച്ചവടമല്ല നടന്നതെങ്കിലും തന്റെ കുടുംബത്തിന്റെ പട്ടിണി ഒരു ദിവസമെങ്കിലും മാറ്റാനായെന്ന ചാരുതാർഥ്യം ഷമീർ അലിക്ക് ഉണ്ടായി.

എന്നാൽ, പിതാവിന്റെ പ്രവാസ ലോകത്ത് നിന്നുള്ള സമ്പാദ്യം പഠനത്തിനും വീട്ടിലെ മറ്റംഗങ്ങളുടെ ചിലവുകൾക്കും സഹായകരമായെങ്കിലും സാമ്പത്തികമായ പ്രതിസന്ധി പഠനകാലത്ത് എല്ലാ സമയവും ഷമീർ അലി നേരിട്ടു. പിതാവിൽ എല്ലാ ഭാരവും ഏൽപ്പിക്കാൻ ആഗ്രഹിക്കാതിരുന്ന ഷമീർ സ്വന്തമായി പഠനത്തിനുള്ള ചെലവ് കണ്ടെത്താൻ ആഗ്രഹിച്ചു. ഇതിനായി വിവിധ ജോലികൾ ചെയ്യാൻ തുടങ്ങി.

13ാം വയസിൽ ഒരു സൈക്കിൾ വിൽപന നടത്തിയ പരിചയത്തിൽ ഷമീർ അലി ഒരു മോട്ടോർ ബൈക്കിന്റെ വിൽപനക്കാരനായത് വലിയ ആത്മവിശ്വാസം നൽകി. കാലം മുന്നോട്ട് പോകവെ പിന്നീട് ഒരു മാരുതി കാറും വിൽപന നടത്താനായതോടെ തന്നിലെ വാഹനക്കച്ചവടക്കാരനെ ഷമീർ അലി തിരിച്ചറിഞ്ഞു. ഡിഗ്രി പഠനം പൂർത്തിയാക്കാൻ വാഹനക്കച്ചവടും തെരുവിലെ മാങ്ങാ കച്ചവടവും സഹായിച്ചു.

പഠനത്തിൽ മിടുക്കനായിട്ടും പോസ്റ്റ്ഗ്രാജുവേഷൻ സാമ്പത്തിക പരാധീനതകൾ മൂലം പൂർത്തിയാക്കാൻ സാധിക്കാതെ പ്രയാസപ്പെട്ടു. അന്നും കുടുംബം പോറ്റാനായും പഠനത്തിനുള്ള പണം കണ്ടെത്താനും ഓട്ടോ ഡ്രൈവറായും ഷമീർ അലി ജോലി ചെയ്തിരുന്നു. തന്റെ കടങ്ങൾ തീർക്കാൻ പോലും തന്റെ അധ്വാനം സഹായകരമാകുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ പഠനാവശ്യത്തിനായി ഒരു ബാങ്ക് ലോണിനായി ശ്രമിച്ചു. ഇതിനായി നാട്ടിലെ രാഷ്ട്രീയ പ്രമുഖരെ കണ്ടെങ്കിലും പരിഹാസവും നീ അത്ര മിടുക്കനായ വിദ്യാർത്ഥിയൊന്നുമല്ലെന്ന കുറ്റപ്പെടുത്തലുമായിരുന്നു കേൾക്കേണ്ടി വന്നത്.

എന്നാൽ, ജീവിതത്തിൽ തനിക്കേറ്റവും കടപ്പാടുള്ളത് അന്ന് തന്നെ സഹായിച്ച പേരുപോലും അറിയാത്ത ആ എസ്ബിഐ ബാങ്ക് മാനേജരാണെന്ന് പറയുകയാണ് ഷമീർ അലി. കാണിക്കാൻ മാത്രം പെരുമയുള്ള മാർക്ക് ഷീറ്റോ ഈടായി നൽകാൻ സാമ്പത്തിക ശ്രോതസോ ഒന്നുമില്ലാതിരുന്നിട്ടും, ‘എനിക്ക് പഠിക്കണം സാർ,’ എന്ന ഒരു അപേക്ഷയിൽ മനസലിഞ്ഞ് ലോൺ നൽകാൻ സന്നദ്ധനാവുകയായിരുന്നു അന്നത്തെ എസ്ബിഐ ബാങ്ക് മാനേജർ.

പഠനം മുന്നോട്ട് പോകുന്നതിനിടെ ഒരു വശത്ത് സാമ്പത്തിക പ്രയാസങ്ങളും ഉപജീവനത്തിന്റെ സമ്മർദ്ദവും വർധിച്ചതോടെ ഷമീർ അലിക്ക് പെട്ടെന്ന് തന്നെ ഒരു ജോലി ആവശ്യമായിരുന്നു. എംബിഎ പഠനം പൂർത്തിയാക്കിയതോടെ മുംബൈയിലെയും ബാംഗ്ലൂരിലെയും പ്രമുഖ ബാങ്കുകളിൽ നിന്ന ചില് തൊഴിൽ വാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും ബാങ്കിംഗ് മേഖല തിരഞ്ഞെടുക്കാതെ വിദ്യാഭ്യാസ മേഖലയിൽ തന്നെ ജോലി ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.

തമിഴ്നാട്ടിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ ഓഫീസറായാണ് പിന്നീട് ഷമീർ അലി ജോലി ചെയ്തത്. രണ്ട് വർഷം ഇവിടെ ജോലി ചെയ്‌തെങ്കിലും തന്റെ സാമ്പത്തികമായ ആവശ്യങ്ങളെ നിറവേറ്റുന്നില്ലെന്ന് തോന്നിയതോടെ സാധാരണക്കാരനായ ഏതൊരു മലയാളിയേയും പോലെ ഷമീർ അലിയും പ്രവാസ ലോകത്തേക്ക് പോകാനൊരുങ്ങി. അങ്ങനെ സ്വപ്‌നങ്ങളെ ഉള്ളിലൊതുക്കി 2008ൽ ഷമീർ ദുബായിലേക്ക് പറന്നു.

അവിടെയും ജീവിതം അപ്രതീക്ഷിതമായ തിരിച്ചടിയിലേക്ക് ഷമീർ അലിയെ തള്ളിവിട്ടു. ലോകത്തെ തന്നെ ഞെരുക്കിയ ആഗോള മാന്ദ്യം ഷമീർ അലിയുടെ ജോലിയേയും ബാധിച്ചു. വിസയിലെ ചില പ്രശ്‌നങ്ങൾ കൂടിയായതോടെ ഷമീർ അലി നിരാശനായി തിരികെ നാട്ടിലേക്ക് തിരിച്ചു. എത്തിയ ഉടനെ തന്നെ പരിശ്രമം തുടർന്ന ഷമീർ അലി മലബാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലിക്ക് ചേർന്നു. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി മാറി.

പിന്നീട് ജീവിതം ഓഫീസ് മുറിയിലെ നാല് ചുമരുകൾക്കുള്ളിൽ അല്ലെന്ന് തിരിച്ചറിഞ്ഞ ഷമീർ അലി വീണ്ടും തന്റെ വിശാലമായ കാഴ്ചപ്പാടിലേക്ക് മിഴി തുറക്കാൻ തന്നെ തീരുമാനിച്ചു. ജീവിതത്തിൽ എന്തു തിരിച്ചടി തന്നെ ഉണ്ടായാലും തന്റെ സ്വപ്‌നത്തിന് വേണ്ടി പ്രയത്‌നിക്കാൻ തന്നെ ഉറച്ച അദ്ദേഹം, 2015-ൽ ജോലി രാജിവെച്ച് ഇളയ സഹോദരൻ ഷഫീഖ് അലിക്ക് ഒപ്പം ദുബായിലേക്ക് രണ്ടാം യാത്ര പുറപ്പെട്ടു.

ഇത്തവണ ജോലിക്കാരനായല്ല, ചെറുതെങ്കിലും ഒരു ബിസിനസ് സ്വപ്‌നമാണ് അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നത്. ദുബായിലെത്തിയ ഷമീർ അലി വെറും മൂന്ന് സ്റ്റാഫ് അംഗങ്ങളുമായി, 200 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കൊച്ചുമുറിയിൽ ഡിസ്ട്രിക്റ്റ് 3 മറൈൻ സർവീസസ് എൽഎൽസി എന്ന തന്റെ ആദ്യ ഔദ്യോഗിക സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഷമീർ അലിയെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് ഈ സ്ഥാപനം ബിസിനസ് രംഗത്ത് അതിവേഗത്തിൽ കുതിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഷമീർ അലി തന്റെ ആദ്യത്തെ യാട്ട് വാങ്ങി. ഈ നേട്ടം മറൈൻ രംഗത്തെ വിശാലമായ ബിസിനസ് ലോകത്ത് ഷമീർ അലിയുടെ വെന്നിക്കൊടി പാറിപ്പിക്കാൻ പര്യാപ്തമായ ഒരു നല്ല തുടക്കമാവുകയായിരുന്നു.

ഷമീർ അലിയും ഷഫീഖ് അലിയും

വിജയം തുടർക്കഥയായതോടെ ഡിഎം ഇന്റർനാഷണൽ കമ്പനി ഏറ്റെടുക്കുകയും അതിനെ എംഎംജിടി (മാക്സ് മറൈൻ ജനറൽ ട്രേഡിംഗ്) എന്ന് പുതിയ പേരിൽ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് 2018ൽ ഡി3 മറൈൻ സർവീസസ്, ഡിസ്ട്രിക്ട് മറൈൻ സർവീസസ് എൽഎൽസി എന്നിങ്ങനെ രണ്ട് സബ്‌സിഡിയറി ബ്രാഞ്ചുകളും സ്ഥാപിച്ചു. ഡി3 മറൈൻ സർവീസസ് യാടുകൾ വാടകയ്ക്ക് നൽകുന്ന, വിനോദം വാട്ടർ സ്‌പോർട്‌സ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായും ഡിസ്ട്രിക്ട് മറൈൻ സർവീസസ് മെയിന്റനൻസ് സർവീസുകൾ നൽകുന്ന കമ്പനിയായും വളർന്നു.

ഇന്ന് ദുബായിലെ വാട്ടർ സ്‌പോർട്‌സ് രംഗത്ത് ആഡംബരത്തിന്റെ മറുവാക്കായി സഞ്ചാരികൾക്ക് മുന്നിൽ ഡി3 എന്ന കമ്പനിയും ഇതിന് കീഴിൽ അനേകം യാടുകളും അണി നിരക്കുകയാണ്.

ഇവരുടെ സംരംഭത്തിന്റെ വളർച്ച അവിടെ മുരടിച്ച് നിന്നില്ല, ഷമീർ അലിയും സഹോദരനും പിന്നീട് റിയൽ എസ്റ്റേറ്റ്, ഇന്റീരിയർ ഡിസൈൻ, ഐടി ആൻഡ് മാർക്കറ്റിംഗ്, ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലേക്ക് ബിസിനസ് വളർത്തി. പല മേഖലകളിലും സബ്സിഡിയറി കമ്പനികൾ സ്ഥാപിച്ച് ഷമീറും സഹോദരനും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. ഇന്ന് ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന ദുബായിലെ വ്യവസായ സംരംഭങ്ങളാണ് ഇരുവരുടെയും കീഴിലുള്ളത്.

D3 Marine Yacht

മികവിനോടൊപ്പം അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തിയുള്ള ബിസിനസ് നേട്ടങ്ങൾ മാത്രമാണ് ഷമീർ അലിക്കും സഹോദരനും സമ്മാനിച്ചത്. മൂന്ന് അംഗങ്ങളുമായി തുടങ്ങിയ ഷമീർ അലിയുടെ കമ്പനി ഇന്ന് 200-ലധികം വ്യക്തികൾക്ക് ജോലി നൽകുകയും മുന്നോട്ടു വളരുകയുമാണ്. 2019-ൽ, തന്നെ മാതൃരാജ്യത്തും ഇവർ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചു. D3 റിയൽറ്റേഴ്സ് എന്ന ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് കമ്പനിയാണ് ഇന്ത്യയിൽ സ്ഥാപിച്ചത്. 2020-ൽ, താംവോസ് ഇന്റീരിയേഴ്സ് ഡെക്കറേഷൻ എൽഎൽസി എന്ന ഡിസൈൻ-ബിൽഡ് കമ്പനി ദുബായിൽ സ്ഥാപിച്ചു. പിന്നാലെ, 2021-ൽ ഇന്ത്യയിൽ ഐടി, വിപണന കമ്പനിയായ ഡി3 ടെക്കിന്റെയും ട്രാവൽ ആൻഡ് ബുക്കിംഗ് കമ്പനിയായ സ്‌പോർട് മൈ ട്രിപ്പിന്റെയും ലോഞ്ച് നടന്നു. 2022-ൽ, ഷമീർ അലി ആഫ്രിക്ക ആസ്ഥാനമായുള്ള പ്രുഡൻഷ്യൽ ഹോൾഡിംഗ്‌സ് എന്ന കമ്പനിയിൽ നിക്ഷേപം നടത്തുകയും ദക്ഷിണ സുഡാനിൽ ടിംബർ കയറ്റുമതി കമ്പനി വികസിപ്പിക്കുകയും ചെയ്തു.

വൈകാതെ, ഹോസ്പിറ്റാലിറ്റി മേഖലയിലേക്കും ഇവർ പ്രവേശിച്ചു. അസുർ റീജൻസി എന്ന പേരിൽ ബർദുബായിലെ 4 സ്റ്റാർ ഹോട്ടലും ഷമീർ അലി തന്നെ രൂപകൽപ്പന ചെയ്‌തെടുത്തു. ഇതേ വർഷം തന്നെ ദുബായിൽ താംവോസ് അഡ്വർടൈസ്മെന്റ് എന്ന പരസ്യ കമ്പനിയും ആരംഭിച്ചു. വ്യക്തമായ ഫ്യൂച്ചർ പ്ലാനുകളും ഇന്ന് ഇവർക്കുണ്ട്. 2023-ൽ തന്നെ ഈ കമ്പനികളെയെല്ലാം ‘MAKS ഇൻവെസ്റ്റ്മെന്റ്’ എന്ന പേരിൽ ഏകീകരിക്കാനാണ് ഷമീർ അലി ലക്ഷ്യമിടുന്നത്.

ഇന്ന് ദുബായിൽ വില്ല സ്വന്തമാക്കി ആരും കൊതിക്കുന്ന സുന്ദരമായ ജീവിതം നയിക്കുകയാണ് ഷമീർ അലിയും സഹോദരനും കുടുംബവും. അന്നത്തെ ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് ദുബായിലെ ആഡംബര ഭവനത്തിലേക്കുള്ള ഈ കുടുംബത്തിന്റെ യാത്ര സുഖകരമായിരുന്നില്ല. കല്ലുമുള്ളും നിറഞ്ഞ പാതയിൽ വെട്ടിപ്പിടിക്കാനും കഠിനമായി പരിശ്രമിക്കാനുമുള്ള മനസാണ് ഷമീർ അലിക്ക് എല്ലാം സാധ്യമാക്കിയത്.

എങ്കിലും, ഇന്നത്തെ ഉന്നതിയുടെ ഊഷ്മളതയിൽ തന്റെ പഴയ ദരിദ്രമായ കാലം ഷമീർ അലി മറന്നിട്ടില്ല. താൻ യാത്ര ചെയ്തു വന്ന കഠിനമായ കാലത്തെ ഇന്നും മനസിലിട്ടുകൊണ്ടാണ് അദ്ദേഹം തന്നാലാകും വിധം മറ്റുള്ളവരിലേക്കും സഹായമെത്തിക്കാനായി ഒരു എൻജിഒ സ്ഥാപിച്ചത്.

ഷമീർ അലി സ്ഥാപിച്ച ഫിദ എജ്യൂക്കേഷൻ ട്രസ്റ്റിലൂടെ മിടുക്കരായ നിരാലംബരായ കുട്ടികളെ പഠനത്തിനായി സഹായമെത്തിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുറമെ വിധവകളുടെയും രോഗികളുടെയും പുനരധിവാസത്തിനും സഹായം ചെയ്യുന്നുണ്ട്. മാറ്റിനിർത്തപ്പെടുന്ന നിരാലംബരായ രോഗികൾക്ക് സേവനം നൽകുന്നതിനായി ഒരു ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം.

കേരളത്തിലെ ഗ്രാമത്തിൽ നിന്നും ആഗോള ബ്രാൻഡായി വളർന്നു വന്ന മുഹമ്മദ് ഷമീർ അലിയെന്ന ഈ യുവാവിന്റെ യാത്ര ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാവുകയാണ്. ക്ഷമയോടെ വിജയത്തിനായി കാത്തിരിക്കാനുള്ള സഹിഷ്ണുതയും അചഞ്ചലമായ മനസും നേട്ടങ്ങളിലേക്ക് എത്തിക്കുമെന്നതിന്റെ തെളിവാകുകയാണ് ഷമീർ അലിയുടെ വിജയഗാഥ. വളർന്നു വരുന്ന ഓരോ സംരംഭകരിലും ഷമീർ അലി തന്നെ തന്നെയാണ് കാണുന്നത്. യുവസംരംഭകരോട് അവരുടെ സ്ഥാനം തിരിച്ചറിയാനും അവരുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിജയത്തോടൊപ്പം തന്നെ വരുന്ന പ്രതിസന്ധികളെ നിറഞ്ഞ മനസോടെ തന്നെ സ്വീകരിക്കാനും ഉപദേശിക്കുകയാണ് ഈ യുവ വ്യവസായി.

https://www.instagram.com/shameer_m_ali/?igshid=MzRlODBiNWFlZA%3D%3D

Exit mobile version