കരള്‍ നല്‍കാമെന്ന് പറഞ്ഞ് രോഗികളില്‍ നിന്നും പണം തട്ടിയ യുവാവ് പിടിയില്‍; സംഭവം കൊച്ചിയില്‍

കാസര്‍ഗോഡ് ബലാല്‍ വില്ലേജ് പാറയില്‍ വീട്ടില്‍ സബിന്‍ പി കെ (25) നെയാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി: അവയവദാനം ചെയ്യാമെന്ന പേരില്‍ വിവിധ രോഗികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് ബലാല്‍ വില്ലേജ് പാറയില്‍ വീട്ടില്‍ സബിന്‍ പി കെ (25) നെയാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗ ചികിത്സയിലുള്ള രോഗി സഹായത്തിനായി ഫെയ്‌സ് ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട സബിന്‍ രോഗിക്ക് കരള്‍ നല്‍കാമെന്ന് പറഞ്ഞു രംഗത്തെത്തുകയും രോഗിയുടെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു.

തുടര്‍ന്ന് രക്തപരിശോധന നടത്തണമെന്ന് രോഗിയുടെ ബന്ധുക്കള്‍ സബിനോട് ആവശ്യപ്പെട്ടു. സബിന്റെ രക്തഗ്രൂപ്പ് വേറെയായതിനാല്‍ രോഗിയുമായി ചേര്‍ന്ന് പോകുന്ന രക്തഗ്രൂപ്പുള്ള സബിന്റെ സുഹൃത്തിനെ സബിന്റെ പേരില്‍ ലാബില്‍ അയച്ച് റിപ്പോര്‍ട്ട് സംഘടിപ്പിക്കുകയും രോഗിയുടെയും ബന്ധുക്കളുടെയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇതു കൂടാതെ രണ്ട് കിഡ്‌നിയും തകരാറിലായ മറ്റൊരു രോഗിക്ക് കിഡ്‌നി നല്‍കാമെന്ന് പറഞ്ഞ് രോഗിയുടെ രക്തഗ്രൂപ്പുമായി ചേര്‍ന്ന് പോകുന്ന രക്തഗ്രൂപ്പ് അടങ്ങിയ ബയോഡാറ്റ സബിന്‍ വ്യാജമായി നിര്‍മ്മിച്ച് രോഗിയില്‍ നിന്നും പണം കൈക്കലാക്കി.

അതുപോലെ സബിനെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ഉള്ളതായി പോലീസ് വ്യക്തമാക്കി.

Exit mobile version