മൂത്തമകന് ബാധിച്ച അസുഖം ഇളയകുട്ടിക്കും; മാനസികവിഷമം താങ്ങാനാകാതെ കടുംകൈ; മലപ്പുറത്ത് ജീവനൊടുക്കിയ നാലംഗ കുടുംബത്തിന് വിട ചൊല്ലി നാട്

തളിപ്പറമ്പ്: മലപ്പുറം മുണ്ടുപറമ്പിൽ താമസിച്ചിരുന്ന നാലുപേർ ഇനിയില്ലെന്ന നോവിലാണ് നാടൊന്നാകെ. എല്ലാവരേയും ഞെട്ടിച്ചാണ് അച്ഛനും അമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മരണപ്പെട്ട വാർത്ത കഴിഞ്ഞദിവസം തേടിയെത്തിയത്.

സുന്ദരം ഫിനാൻസ് മലപ്പുറം ബ്രാഞ്ച് മാനേജറും കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ സബീഷ് (37), എസ്ബിഐ ഡപ്യൂട്ടി മാനേജർ കണ്ണൂർ മുയ്യം പരിയാരം വീട്ടിൽ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര വയസ്സ്) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി മൈത്രി നഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷീനയുടെ നാടായ മുയ്യത്ത് എത്തിച്ച് പൊതുദർശനത്തിന് ശേഷം സബീഷിന്റെ നാടായ കോഴിക്കോട്ടേക്ക് നാല് മൃതദേഹങ്ങളും രാത്രിയോടെ കൊണ്ടുപോയി. ഇന്ന് രാവിലെ കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് സംസ്‌കാരം.

മൂത്തമകൻ ഹരിഗോവിന്ദിന് കഴിഞ്ഞ മാസം 6ന് ഡുഷേൻ മസ്‌കുലാർ ഡിസ്‌ട്രോഫി (ഡിഎംഡി) സ്ഥിരീകരിച്ചിരുന്നു. പേശികൾ ക്ഷയിച്ച് കുട്ടികളുടെ വൈകല്യത്തിനും തുടർന്ന് മരണത്തിനും കാരണമാകുന്ന രോഗമാണിത്. പിന്നീട് കഴിഞ്ഞ ആഴ്ച നടത്തിയ പ്രാഥമിക പരിശോധനയിൽ ശ്രീവർധനും ഇതേ അസുഖത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കുടുംബം കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ALSO READ- തലച്ചോര്‍ ഭക്ഷിച്ചു, തലയോട്ടി ആഷ് ട്രേയാക്കി, മറ്റ് അവയവ ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി എറിഞ്ഞു, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത് വിവരിച്ച് ഭര്‍ത്താവ്, നടുക്കം

എസ്ബിഐ ജീവനക്കാരിയായ ഷീനയ്ക്ക് കാസർകോട് മെയിൻ ബ്രാഞ്ചിൽ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. തുടർന്ന് ഒരാഴ്ച മുൻപ് ഷീന കുടുംബത്തോടൊപ്പം മുയ്യത്തെ വീട്ടിൽ വന്നിരുന്നു. അടുത്ത ദിവസം തന്നെ കാസർകോട്ടേക്ക് വീട്ടുസാധനങ്ങൾ കയറ്റി വിടുമെന്നും അപ്പോൾ വീട്ടിൽ വരുമെന്നും പറഞ്ഞാണ് മടങ്ങിയത്.

പുറപ്പെടുമെന്ന് പറഞ്ഞ ദിവസം ഇവരെ ഫോണിൽ വിളിച്ച് കിട്ടാത്തിനെ തുടർന്ന് ഷീനയുടെ വീട്ടുകാർ സുഹൃത്തുക്കളുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്തുകൾ വീട്ടിൽ പരിശോധിച്ചപ്പോഴാണ് ദുരന്ത വിവരം അറിഞ്ഞത്. ഇന്നലെ വൈകിട്ടാണ് 4 ആംബുലൻസുകളിലായി മൃതദേഹങ്ങൾ മുയ്യത്തെ വീട്ടിൽ എത്തിച്ചത്.

Exit mobile version