ആശുപത്രിയിൽ ബഹളം വച്ചതിന് അറസ്റ്റിലായി; പ്രതി എസ്‌ഐയെ ആക്രമിച്ച് കൈ ഒടിച്ചു

തിരുവല്ല: ആശുപത്രിയിൽ ബഹളം വച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തയാൾ എസ്‌ഐയെ അക്രമിച്ച് കൈയ്യൊടിച്ചു.കാഞ്ഞിരവേലി സ്വദേശി അഭിലാഷാണ് പോലീസിനെ ആക്രമിച്ചത്. ആറൻമുള സ്റ്റേഷനിലെ എസ്.ഐ സാജു പി ജോർജിനെയാണ് ഇയാൾ ആക്രമിച്ചത്.

ആക്രമണത്തിൽ എസ്‌ഐയുടെ വലത് കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച പ്രതി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ബഹളം വെച്ചിരുന്നു. തുടർന്ന് പരാതി ലഭിച്ചതോടെ സ്ഥലത്തെത്തിയ സാജു പി ജോർജ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറൻമുള പോലീസ് സ്റ്റേഷൻ കെട്ടിടം രണ്ടാമത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്.

പ്രതിയുമായി താഴത്തെ നിലയിൽ നിന്നും പടി കയറുന്നതിനിടെ എസ്‌ഐയെ ഇയാൾ ആക്രമിക്കുകയായിരുന്നു. അടിയേറ്റ് വീണപ്പോഴാണ് കൈക്ക് ഒടിവുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റ് പോലീസുകാർ ഉടൻ തന്നെ പ്രതിയെ പിടികൂടി.

കോഴഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാജു പി ജോർജിന് കൈയിൽ സ്റ്റീൽ റോഡ് ഇടുന്നതിനായി നാളെ ശസ്ത്രകിയ നടത്തും. അതേസമയം, ഈ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

Exit mobile version