രണ്ടു ദിവസത്തെ പണിമുടക്കില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കി; കടകള്‍ അടപ്പിക്കില്ലെന്നും സിഐടിയു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവര്‍ഷം പിറന്നതിന് പിന്നാലെ ഉണ്ടായ ഹര്‍ത്താല്‍ ജനങ്ങളെ വലച്ചതു കൊണ്ടു തന്നെ വരുന്ന 8,9 തീയതികളിലെ ദേശീയ പണിമുടക്ക് സമാധാനപരമായിരിക്കുമെന്ന് സിഐടിയു. രണ്ടു ദിവസത്തെ പണിമുടക്കില്‍നിന്ന് വിനോദസഞ്ചാരമേഖലയെ ഒഴിവാക്കി. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.

നേരത്തെ, പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു. ജനുവരി 8, 9 തീയതികളിലാണ് സമസ്ത മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്, ബിജെപിയുടെ പോഷകസംഘടനകള്‍ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്ന് ദേശീയ തലത്തില്‍ പണിമുടക്കുന്നത്.

പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ക്കു വാഹനമോടിക്കാനും കടകള്‍ തുറക്കാനും ജോലിക്കെത്താനും കഴിയേണ്ടതാണ്. എന്നാല്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചിരുന്നു. വളരെ മുന്‍പു തന്നെ പ്രഖ്യാപിച്ചതിനാലും ദേശീയ പണിമുടക്കായതിനാലും പിന്‍വലിക്കാന്‍ തയ്യാറല്ല. ട്രെയിനുകള്‍ അടക്കം തടയുമെന്നാണ് ഇന്നലെ സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കിയത്.

കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കടകളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ തൊഴില്‍ മേഖലകളിലുമുള്ളവര്‍ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ തീവണ്ടി തടയല്‍ സമരമുണ്ടാകും. ശബരിമല തീര്‍ത്ഥാടകരെ ബാധിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.

Exit mobile version