ഭീതി ഒഴിയുന്നില്ല; പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വീണ്ടും പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി; രോഗികളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു

പെരിന്തൽമണ്ണ: ആകെ ഭീതി പടർത്തി ഇന്നലെ പത്തോളം മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ ശുചീകരണം നടക്കുന്നതിനിടെ ഒരെണ്ണത്തിനെക്കൂടി കണ്ടെത്തി. പഴയ എമർജൻസി ഓപറേഷൻ തിയേറ്ററിന്റെ സ്റ്റോർ മുറിയിലാണ് ഉച്ചയോടെ പാമ്പിൻകുഞ്ഞിനെ കണ്ടത്. സർജിക്കൽ വാർഡിലെ ഇരുപതോളം രോഗികളെ ഇന്നലെ ഇവിടെനിന്നു മാറ്റിയിരുന്നു.

സർജിക്കൽ വാർഡിൽ ആദ്യം പാമ്പുകളെ കണ്ടതിനു സമീപത്തെ മുറിയിലെ എട്ടോളം രോഗികളെ ചൊവ്വാഴ്ച തന്നെ മറ്റു വാർഡിലേക്കു മാറ്റിയിരുന്നു. സർജിക്കൽ വാർഡും പഴയ ഓപറേഷൻ തിയേറ്ററും കാരുണ്യ ആരോഗ്യ പദ്ധതി കൗണ്ടറും ഉൾപ്പെടുന്ന ഈ കെട്ടിടം ഇന്നലെ വൈകിട്ടോടെ പൂർണമായി അടച്ചിട്ടിരിക്കുകയാണ്.

നിലവിൽ പഴയ ബ്ലോക്കിലെ മറ്റു വാർഡുകളിലേക്കും ദേശീയപാതയ്ക്ക് അപ്പുറമുള്ള മാതൃശിശു ബ്ലോക്കിലേക്കുമായാണു രോഗികളെ മാറ്റിയിരിക്കുന്നത്. സ്ട്രെച്ചറിലും വീൽചെയറിലും ആംബുലൻസിലുമായാണു രോഗികളെ മറ്റു വാർഡുകളിലെത്തിച്ചത്.

വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗി പുറത്തേക്കിറങ്ങുന്നതിനിടെ പ്രവേശന കവാടത്തിനു സമീപത്ത് വെച്ചാണ് പാമ്പിൻകുഞ്ഞിനെ ചവിട്ടിയത്. വാർഡിലേക്കു വെള്ളം ചവിട്ടിക്കയറ്റുന്നത് ഒഴിവാക്കാനായി നിലത്തുവിരിച്ച കാർഡ്‌ബോർഡിന് അടിയിലായിരുന്നു പാമ്പ്. ചവിട്ടിക്കഴിഞ്ഞ ശേഷം വാൽ പുറത്തു കണ്ടപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു പാമ്പിനെ കണ്ടത്. തലനാരിഴയ്ക്കാണ് ഇയാൾ പാമ്പ് കടി ഏൽക്കാതെ രക്ഷപ്പെട്ടത്.

ALSO READ- ഭർത്താവ് മരണപ്പെട്ടതോടെ പുണ്യഭൂമിയിൽ തനിച്ചായി സുബൈദ; മകന് പ്രത്യേക ഹജ് വിസ അനുവദിച്ച് അരികിലേക്ക് അയച്ചു; അപൂർവ സംഭവമെന്ന് ഹജ് കമ്മിറ്റി

പിന്നാലെ നടത്തിയ പരിശോധനയിലാണ് പിന്നീടു പലയിടങ്ങളിലായി പാമ്പുകളെ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് കാന്റീൻ പരിസരത്തെയും വാർഡുകളുടെ പരിസരങ്ങളിലെയും പുൽക്കാടുകളും ചപ്പുചവറുകളും മറ്റും ഇന്നലെ വൃത്തിയാക്കൽ തുടങ്ങി.

Exit mobile version