ദൃക്സാക്ഷികൾ ഇല്ല, സാഹചര്യ തെളിവുകൾ മാത്രമെന്ന് വാദം; നക്ഷത്രയെ മഴുകൊണ്ട് കൊലപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

മാവേലിക്കര: ആറു വയസ്സുകാരി നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛൻ കൂടിയായ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജെഫിൻ രാജാണ് ജ്യാമാപേക്ഷ തള്ളിയത്. പ്രതി മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷിനു (38) വേണ്ടി അഡ്വ. ജേക്കബ് ഉമ്മനാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ റെയ്ച്ച എബ്രഹാം ഹാജരായി.

ഈ കേസിൽ ദൃക്സാക്ഷികൾ ഇല്ലെന്നും സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ, പ്രതി മകളെ വെട്ടി കൊലപ്പെടുത്തിയതിനൊപ്പം സ്വന്തം അമ്മയെയും ആക്രമിച്ചു എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഇതിനിടെ, അന്വേഷണസംഘം ശ്രീമഹേഷിനെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലാകണമെന്ന് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക ഹർജി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ALSO READ- ബസ് അപകടത്തിൽപ്പെട്ട തക്കത്തിന് പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; ബഹളം വെച്ചതോടെ ഇറങ്ങിയോടിയ പ്രതി പിടിയിൽ

ഈ മാസം ഏഴാംതീയതിയാണ് ശ്രീമഹേഷ് ആറുവയസ്സുള്ള മകൾ നക്ഷത്രയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. നിലവിളികേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും ഇയാൾ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപ് മരിച്ചിരുന്നു.

Exit mobile version