‘പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴികള്‍ എന്റേത്’: പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം തേടി മന്ത്രിയ്ക്ക് മുന്നില്‍ കര്‍ഷകന്‍

വെള്ളരിക്കുണ്ട്: പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് സഹായം തേടി കര്‍ഷകന്‍. ‘പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴികള്‍ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം’ കെ.വി.ജോര്‍ജ് എന്ന കര്‍ഷകന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനോട് പറഞ്ഞു.

വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലും കളക്ടറും സബ്കളക്ടറും ഉള്‍പ്പെട്ടവരാണ് വിചിത്രമായ പരാതി കേട്ടത്. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നുമാത്രം അധികൃതര്‍ ഉറപ്പുനല്‍കി.

2022 ജൂണില്‍ ഒരുദിവസം രാവിലെ കോഴിക്കൂട് തുറന്നപ്പോള്‍ കോഴികള്‍ക്ക് പകരം കണ്ടത് പെരുമ്പാമ്പിനെ. കോഴികളെയെല്ലാം പാമ്പ് വിഴുങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പാമ്പിനെ കൊണ്ടുപോയി വനത്തില്‍വിട്ടു.

പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വനം വകുപ്പ് അധികൃതരെ സമീപിച്ചു. പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ ത്തുടര്‍ന്നാണ് അദാലത്തില്‍ മന്ത്രിയെ കാണാനെത്തിയത്.

Exit mobile version