ഭക്ഷണം കഴിച്ചതിന്റെ 263 രൂപ ഫോണ്‍ പേ ചെയ്തു: ഹോട്ടല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ തുക ഫോണ്‍ പേയില്‍ സ്വീകരിച്ചതിന് പിന്നാലെ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. രാജസ്ഥാന്‍ സ്വദേശി 263 രൂപ ഫോണ്‍ പേ ചെയ്തതിന് പിന്നാലെയാണ് ആക്‌സിസ് ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ചത്.

താമരശ്ശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പൂര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം ആക്‌സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടില്‍ നിന്ന് പണം അയക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് സൈബര്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം ജയ്പൂരിലെ ജവഹര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദേശ പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചത്.

തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച ജയ്പൂര്‍ സ്വദേശി 263 രൂപ ഫോണ്‍ പേ വഴി അയച്ചിരുന്നു. ജവഹര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പണം അയച്ചതെന്ന കാരണം പറഞ്ഞാണ് അക്കൗണ്ട് മരവിപ്പിച്ചത്.

അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജയ്പൂരില്‍ പോയി അന്വേഷിക്കാനാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചെങ്കിലും ഇവിടെ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ബാങ്ക് അധികൃതര്‍ നല്‍കുന്നത്.

Exit mobile version