കത്വ: ഇരയുടെ കുടുംബത്തിന് നിയമസഹായത്തിനും മറ്റുമായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചും ക്രൂരത, പണം എടുക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയാതെ കുടുംബം

ഒന്നുമറിയാതെ എന്തുകൊണ്ട് പണം എടുക്കാന്‍ കഴിയുന്നില്ല എന്ന ആശങ്കയോടെ ജീവിക്കുകയാണ് കുടുംബം.

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ മൃഗീയമായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തിനോടും അധികൃതരുടെ ക്രൂരത. നിയമസഹായത്തിനും മറ്റുമായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചാണ് കുടുംബത്തോടുള്ള ക്രൂരത കാണിക്കുന്നത്. ഒന്നുമറിയാതെ എന്തുകൊണ്ട് പണം എടുക്കാന്‍ കഴിയുന്നില്ല എന്ന ആശങ്കയോടെ ജീവിക്കുകയാണ് കുടുംബം.

പൊതുജനങ്ങളില്‍നിന്നും സന്നദ്ധസംഘടനകളില്‍നിന്നും സഹായമഭ്യര്‍ത്ഥിച്ചു തുടങ്ങിയ ജമ്മു കാശ്മീര്‍ ബാങ്കിലെ (ജെകെ ബാങ്ക്) അക്കൗണ്ട് ആണ് മരവിപ്പിച്ചത്. അക്കൗണ്ട് മരവിപ്പിച്ചതായി ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചിട്ടില്ല. പക്ഷേ പണം എടുക്കാന്‍ കഴിയാത്തതിന്റെ കാരണം അന്വേഷിച്ച് കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

ബാങ്ക് സിഇഒ പര്‍വേസ് അഹമ്മദിനെ എതിര്‍കക്ഷിയായി ചേര്‍ത്താണ് കുടുംബം കമ്മീഷന് പരാതി നല്‍കിയത്. നോട്ടീസ് പോലും നല്‍കാതെയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും നിക്ഷേപിക്കപ്പെട്ട തുക ബാങ്കിന്റെ ആസ്ഥാനത്തുനിന്ന് അക്കൗണ്ടിലേക്കു മാറ്റപ്പെടാതെ തടഞ്ഞുവച്ചിരിക്കുകയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ ബോധിപ്പിച്ചു. അക്കൗണ്ട് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ തന്നെ ബാങ്ക് അധികൃതര്‍ക്ക് നോട്ടിസയക്കുമെന്നും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷന്‍ പിതാവിന് ഉറപ്പുനല്‍കി. സംഭവത്തിനു ശേഷം ഇപ്പോഴും കേസിലെ പ്രതികളുടെ ബന്ധുക്കളില്‍ നിന്നുണ്ടാവുന്ന ഭീഷണികളെ കുറിച്ചും പിതാവ് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Exit mobile version