സഹോദരൻ മരിച്ചിട്ടും മാലിന്യപ്ലാന്റിന് എതിരെ നടപടിയില്ല; പരാതികൾ കഴുത്തിൽ തൂക്കി സാംസ്‌കാരിക പ്രവർത്തകൻ പുളിക്കൽ പഞ്ചായത്ത് മന്ദിരത്തിൽ ജീവനൊടുക്കി

മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ റസാഖ് പയമ്പ്രോട്ട് (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ. പഞ്ചായത്ത് അധികൃതരുമായുള്ള തർക്കമാണ് ജീവനൊടുക്കിയതിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.

റസാഖിന്റെ മൂത്തസഹോദരൻ ശ്വാസകോശ സംബന്ധമായ അസുഖം കാരണമാണ് ഏതാനും മാസം മുൻപ് മരണമടഞ്ഞത്. മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്തിനെ പലതവണ റസാഖ് സമീപിച്ചിരുന്നു, എന്നാൽ അധികൃതർ ഒരു നടപടിയും കൈക്കൊള്ളാത്തതിലെ മനോവിഷമമാണ് റസാഖിനെകൊണ്ട് കടുംകൈ ചെയ്യിച്ചതെന്നാണ് സൂചന.

നിരവദി തവണ വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് സഹോദരന്റെ ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച് പരാതികൾ നൽകിയെന്നും, ഇത് പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നും പറഞ്ഞ് റസാഖ് നിരവധി തവണ പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു.

മൃതദേഹത്തിൽ നിന്നും പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ കണ്ടെത്തിയിട്ടുണ്ട്. റസാഖ് വ്യാഴാഴ്ച രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. അതേസമയം, പഞ്ചായത്ത് അധികൃതർക്ക് എതിരെ നടപടിയെടുക്കാതെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ സമ്മിതിക്കില്ലെന്ന് ്‌റിയിച്ച് പ്രതിഷേധവുമായി നാട്ടുകാരും പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്.

ALSO READ- കൊല നടത്തിയത് എന്തിന്? പണത്തിന് വേണ്ടി മാത്രമോ? 18കാരിയും 22കാരിയും വ്യക്തിവൈരാഗ്യത്തിൽ ഈ ക്രൂരത ചെയ്യുമോ? ഹോട്ടലുടമയുടെ മരണത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തവരാണ്. ഇവർക്കു മക്കളില്ല. സിപിഎം ഭരണമുള്ള പഞ്ചായത്താണു പുളിക്കൽ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version