എഐ ക്യാമറയ്ക്ക് വ്യവസായ വകുപ്പിന്റെ ക്ലീന്‍ചിറ്റ്: ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടുകള്‍ക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെ ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതല്‍ ജീവനക്കാരെ കണ്‍ട്രോള്‍ റൂമുകളില്‍ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു.

വ്യവസായ വകുപ്പിന്റെ അന്വേഷണത്തിലെ ക്ലീന്‍ചിറ്റോടെ ക്യാമറാ വിവാദം അവസാനിച്ചെന്ന വിലയിരുത്തലിലാണ് ഗതാഗത വകുപ്പ്. പിഴ ഈടാക്കി തുടങ്ങാന്‍ സജ്ജമാണന്ന് ഗതാഗത കമ്മീഷണറും മന്ത്രിയെ അറിയിച്ചു. ഇതോടെയാണ് മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കുന്നത്.

ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ ഇപ്പോള്‍ ക്യാമറയില്‍ പെടുന്നുണ്ട്. അതിനാല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയാല്‍ ദിവസവും രണ്ട് ലക്ഷം പേര്‍ക്കെങ്കിലും പിഴ നോട്ടീസ് അയക്കേണ്ടി വരും. നിലവില്‍ 146 ജീവനക്കാരെയാണ് നോട്ടീസ് അയക്കാന്‍ കെല്‍ട്രോണ്‍ നിയോഗിച്ചിരിക്കുന്നത്.

എന്നാല്‍ ഇവര്‍ക്ക് പരമാവധി 25000 നോട്ടീസ് മാത്രമേ ഒരു ദിവസം അയക്കാനാവു. അതിനാല്‍ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കാന്‍ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. ജീവനക്കാര്‍ അധികമാകുന്നതോടെ ചെലവും കൂടും. നോട്ടീസ് അയക്കാനുള്ള ചെലവും അനുവദിച്ചതിനാല്‍ കൂടുതലാകുമെന്ന് കെല്‍ട്രോണിന് പരാതിയുണ്ട്.

എഐ കാമറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ വസ്തുതകളുമായി ബന്ധമില്ലാത്തതെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട് വ്യവസായ വകുപ്പിനു ലഭിച്ചതായി മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുതാര്യമായാണ് പദ്ധതി നടപ്പാക്കിയതെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Exit mobile version