‘നിങ്ങള്‍ക്ക് പരാതിയുണ്ടോ..’ ഒറ്റച്ചോദ്യത്തില്‍ സവാദിനെ പൂട്ടി: കണ്ടക്ടര്‍ പ്രദീപിന് അഭിനന്ദിച്ച് മന്ത്രിമാര്‍

കൊച്ചി: പട്ടാപ്പകല്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ രക്ഷപ്പെടാന്‍ അനുവദിക്കാതെ പിടികൂടി ജയിലിലാക്കിയ സംഭവത്തില്‍ യാത്രക്കാരിയായ യുവനടി നന്ദിതക്കും കണ്ടക്ടര്‍ പ്രദീപിനും കൈയ്യടിക്കുകയാണ് കേരളം ഒന്നടങ്കം.

നന്ദിതയുടെ ശക്തമായ പ്രതികരണവും കണ്ടക്ടര്‍ പിപി പ്രദീപിന്റെ അടിനയന്തിര ഇടപെടലും ഏവരും എടുത്തുപറഞ്ഞാണ് അഭിനന്ദനം അറിയിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നന്ദിതയെയും പ്രദീപിനെയും അഭിനന്ദിച്ചു.

കെഎസ്ആര്‍ടിസി ബസ്സില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നിയമത്തിനു മുന്നില്‍ എത്തിക്കുവാന്‍ പ്രയത്‌നിച്ച കെഎസ്ആര്‍ടിസി അങ്കമാലി യൂണിറ്റിലെ കണ്ടക്ടര്‍ കെ.കെ. പ്രദീപിന്റെയും ഡ്രൈവര്‍ പി. ഡി. ജോഷിയുടെയും സമയോചിതമായ ഇടപെടല്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

പൊതുജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് എന്നും മുന്‍ തൂക്കം കൊടുക്കുന്ന കെഎസ്ആര്‍ടിസിയില്‍ സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവര്‍ത്തികള്‍ അനുവദിച്ചു കൊടുക്കില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്‍പോട്ടു പോകും… എന്നാണ് ഗതാഗത മന്ത്രി കുറിച്ചത്.

കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആര്‍ജ്ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്‍കി കൂടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു.

ബസില്‍ വെച്ച് മോശമനുഭവമുണ്ടായതിനെ തുടര്‍ന്ന് ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയോട് ‘നിങ്ങള്‍ക്ക് പരാതിയുണ്ടോ..’ എന്ന് ചോദിക്കുകയും ആര്‍ജ്ജവത്തോടെ ഇടപെടുകയും ചെയ്ത കെ എസ് ആര്‍ ടി സി കണ്ടക്ടറുടെ ചിത്രവും കയ്യടി അര്‍ഹിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Exit mobile version