കിണറ്റില്‍ വീണ നായക്കുട്ടിയെ രക്ഷിച്ച് തിരിച്ചുകയറുന്നതിനിടെ കാല്‍വഴുതി വീണു, ഗൃഹനാഥന് ദാരുണാന്ത്യം

പത്തനംതിട്ട: കിണറ്റില്‍ വീണ നായക്കുട്ടിയെ രക്ഷിച്ച് തിരിച്ചുകയറുന്നതിനിടെ കാല്‍വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പുത്തൂപ്പടി നാരകത്താംകുഴി കൊടുപ്പേല്‍ വീട്ടില്‍ മോഹനന്‍ പിള്ള ആണ് മരിച്ചത്.

അറുപത് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 9.45നായിരുന്നു അപകടം. വീടിനടുത്തുള്ള പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് നായ്ക്കുട്ടി വീണത്. കയര്‍കെട്ടി അതില്‍ പിടിച്ചാണ് മോഹനന്‍പിള്ള 15 അടി ആഴമുള്ള കിണറ്റിലിറങ്ങിയത്. ഭാര്യ സുമ കിണറ്റിന്‍കരയിലുണ്ടായിരുന്നു.

also read: കലിയടങ്ങാതെ അരിക്കൊമ്പന്‍, തമിഴ്‌നാട്ടിലെ റേഷന്‍കട ആക്രമിച്ചു

നായ്ക്കുട്ടിയെ രക്ഷിച്ച് കയറില്‍ പിടിച്ചു തിരികെക്കയറുന്നതിനിടെ മോഹനന്‍ പിള്ള വീണ്ടും കിണറ്റിലേക്കു വീണു. കിണറ്റില്‍ രണ്ടാള്‍പ്പൊക്കം വെള്ളമുണ്ട്. സംഭവമറിഞ്ഞ് നാട്ടുകാരും പിന്നാലെ അഗ്‌നിരക്ഷാസേനയുമെത്തിയാണ് അദ്ദേഹത്തെ കരയ്ക്ക് കയറ്റിയത്.

also read: പ്രതി അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാര്‍ ഓടിയൊളിച്ചു, സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ ഡോ.വന്ദനയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണറ്റിനുള്ളില്‍ വായുലഭ്യത കുറവുള്ളതിനാല്‍ തലകറക്കമുണ്ടായിരിക്കാമെന്നു സംശയിക്കുന്നു. കിണറ്റിലിറങ്ങിയവര്‍ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version