ആരുമില്ലാതെ ഒറ്റപ്പെട്ട വയോധികര്‍ക്കായി ആശാഭവനം: ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമിയും വീടും വിട്ടുനല്‍കി 85 വയസ്സുകാരി

പാലക്കാട്: തന്റെ പേരിലുള്ള ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമിയും വീടും നവോത്ഥാന പരിഷത്തിന് ആശാഭവനം നിര്‍മിക്കാന്‍ വിട്ടുനല്‍കി 85 വയസ്സുകാരി. വള്ളിയോട് മിച്ചാരംകോട് ഏറാട്ടുപറമ്പില്‍ ശാന്തകുമാരി അമ്മയാണ് 66 സെന്റ് സ്ഥലവും വീടും ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയിരിക്കുന്നത്.

തന്റെ അമ്മ പാറുക്കുട്ടിയമ്മയുടെ പേരിലുള്ള സ്ഥലത്ത്, ആരുമില്ലാതെ ഒറ്റപ്പെടുന്ന വയോധികര്‍ക്കായി ആശ്വാസകേന്ദ്രം നിര്‍മിക്കണമെന്നത് അവരുടെ ആഗ്രഹമായിരുന്നെന്നു ശാന്തകുമാരിഅമ്മ പറയുന്നു. 10 വര്‍ഷം മുന്‍പ് അമ്മ മരിച്ചു. ഭര്‍ത്താവ് സി.രാധാകൃഷ്ണനും മകന്‍ ഷാജിയും മരിച്ചതോടെ ഒറ്റപ്പെടലിന്റെ നോവറിഞ്ഞ ശാന്തകുമാരിഅമ്മ അമ്മയുടെ ആഗ്രഹം സഫലമാക്കുകയായിരുന്നു.

ഇതോടെ, അന്തരിച്ച ഷാജിയുടെ മക്കളുടെ അനുവാദത്തോടെ ഭൂമിയുടെ രേഖകള്‍ കൈമാറുകയായിരുന്നു. ഈ സ്ഥലത്ത് സേവാഭാരതിയുടെ നേതൃത്വത്തില്‍ നവോത്ഥാന പരിഷത്ത് ആശാഭവനം നിര്‍മിക്കും. ചടങ്ങില്‍ നവോത്ഥാന പരിഷത്ത് ട്രഷറര്‍ സ്വാമിനാഥന്‍, ആര്‍എസ്എസ് ജില്ലാ സഹ കാര്യവാഹ് മണികണ്ഠന്‍, സുജിത്ത്, ആര്‍.അശോകന്‍, സൂര്യജിത്ത്, പ്രസാദ് ചക്കിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version