നാലരപതിറ്റാണ്ടു മുൻപത്തെ സഹപാഠിക്കായി ഒന്നുചേർന്നു; 59 പേരുടെസഹായം പെരുമഴയായി; സുരക്ഷിതമായി തലചായ്ക്കാൻ വീടൊരുക്കി കൂട്ടായ്മ

കൊടുങ്ങല്ലൂർ: ഒരേ ക്ലാസിലിരുന്ന പഠിച്ചവർ വീണ്ടുമൊന്ന് കാണാനായി ഒത്തുചേർന്നപ്പോള്ഡ സഹപാഠിക്ക് തണലൊരുക്കാനെന്ന നിയോഗം കൂടി തങ്ങൾക്കുണ്ടെന്ന് ആരും വിചാരിച്ചിരുന്നില്ല. നാലര പതിറ്റാണ്ടുമുമ്പ് ഒരേ ക്ലാസിലിരുന്ന് പഠിച്ചവരാണ് സൗഹൃദക്കൂട്ടായ്മ ഒരുക്കി പഴയ സ്‌കൂളിൽ ഒത്തുചേർന്നത്.

അന്ന് അവിടെയെത്തിയ സഹപാഠികളിൽ ഒരാൾക്ക് വീടില്ലെന്ന വിഷമം മനസിലാക്കിയതോടെ സുഹൃത്തുക്കൾ ചേർന്ന് തണലൊരുക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മാസത്തിന് പിന്നാലെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ നടന്നിരിക്കുകയാണ്.

എറിയാട് ഗവ. കേരളവർമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ 1975-76 എസ്.എസ്.എൽ.സി. ബാച്ചിലെ 59 പേരുടെ കൂട്ടായ്മയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ സൗഹൃദ കൂട്ടായ്മ വെറും മൂന്ന് മാസം കൊണ്ട് കൂട്ടുകാരിക്ക് വീടൊരുക്കിയിരിക്കുകയാണ്.

അഞ്ചുമാസം മുമ്പാണ് ഇവർ സ്‌കൂളിൽ ഒത്തുകൂടിയത്. അന്നാണ് കൂട്ടുകാരിക്ക് സ്വന്തമായി വീടില്ലെന്ന് ഇവർ തിരിച്ചറിഞ്ഞത്. അതോടെ അവിടെ കൂടിയിരുന്ന സഹപാഠികൾ അപ്പോൾത്തന്നെ ഒരു വീടൊരുക്കി നൽകുമെന്ന് കൂട്ടുകാരിക്ക് വാക്കുനൽകി.

അവിടെ വെച്ചുതന്നെ വീട് പണിയുന്നതിനുള്ള മൂന്നര സെന്റ് സ്ഥലം ഒരു സഹപാഠി നൽകാമെന്നേറ്റു. ഈ സമയത്ത് മറ്റുള്ളവർ തുകകൾ നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും എല്ലാവർക്കും കഴിയാവുന്ന വിധത്തിൽ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. 59 പേരടങ്ങുന്ന ഗ്രൂപ്പിൽ ചർച്ചചെയ്തതോടെ ഒരു മാസത്തിനകം വീടിനുള്ള തുക ബാങ്കിലേക്ക് ഒഴുകിയെത്തി. പിന്നീടാണ് നിർമാണം ആരംഭിച്ചത്. തുടർന്ന് മൂന്നുമാസം കൊണ്ട് സ്നേഹഭവനം പണി പൂർത്തിയാക്കി.

also read- രാത്രി 10 മണിക്കുശേഷം മൈക്ക് പ്രവർത്തിപ്പിച്ചതിനെ ചൊല്ലി കല്യാണവീട്ടിൽ അടിയുണ്ടാക്കി; മൈക്ക് സെറ്റ് ജീവനക്കാരനെ മർദ്ദിച്ചു; അഞ്ച് പേർ അറസ്റ്റിൽ

വീടിന്റെ ഗൃഹപ്രവേശം എറിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെപി രാജൻ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.കെ. മുഹമ്മദ്, ജിജി, കെ.എ. കദീജാബി, പി.എസ്. മുജീബ് റഹ്‌മാൻ, കെ.എച്ച്. മുഹമ്മദ്ബാബു, ഹുമയൂൺ കബീർ, കെ.എ. ഇസ്മായിൽ, എ.എ. അബ്ദുൾ അസീസ്, കെ.കെ. മുഹമ്മദ് സാദിക്, എ.എ. മുഹമ്മദ് ഇക്ബാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version