ദുരിതാശ്വാസ നിധിയിലേക്ക് അറിയാതെ നിക്ഷേപിച്ച പണം അറിയിച്ചപ്പോൾ തന്നെ തിരികെ നൽകിയ കേരള സർക്കാർ; യഥാർഥ ‘കേരളസ്‌റ്റോറി’ പറഞ്ഞ് തമിഴ്‌നാട് സ്വദേശി; പങ്കിട്ട് റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമയിക്ക് എതിരെ കേരളത്തിലും പുറത്തും ജനവികാരം ഉണരുന്നതിനിടെ യഥാർഥ കേരള സ്റ്റോറികൾ നിറയുകയാണ് സോഷ്യൽമീഡിയയിൽ. ഇപ്പോഴിതാ, കേരളത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ ആഹ്വാനം ചെയ്ത ‘മൈകേരളസ്റ്റോറി’ ഹാഷ്ടാഗിൽ സംസ്ഥാന സർക്കാരിന്റെ കരുതലാണ് തമിഴ്‌നാട് സ്വദേശി പങ്കിട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അക്കൊണ്ട് തെറ്റി നിക്ഷേപിച്ച പണം ഉടനെ തന്നെ മടക്കി നൽകിയതിലാണ് തമിഴ്‌നാട് സ്വദേശി നന്ദകുമാർ സദാശിവം കേരള സർക്കാരിനെ പ്രശംസിച്ചിരിക്കുന്നത്.

കേരളത്തിലുണ്ടായ പ്രളയത്തിനായുള്ള സഹായ ധനം കൈമാറാനായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്ദകുമാർ 2000 രൂപ സംഭാവന ചെയ്തത്. പിന്നീട്, മാസങ്ങൾക്ക് ശേഷം അതേ അക്കൗണ്ടിലേക്ക് തെറ്റുപറ്റി 10,000 രൂപ നിക്ഷേപിച്ചു. പണം ദുരിതാശ്വാസ നിധിയിലേക്കാണ് പോയതെന്ന് മനസ്സിലായതോടെ ഗൂഗിളിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ കേരളത്തിന്റെ ധനകാര്യ സെക്രട്ടറിയെ വിളിച്ചു കാര്യം അറിയിച്ചു.
also read- തമിഴ്‌നാട്ടിൽ ചർച്ച ‘പത്ത് പേരെ കൊലപ്പെടുത്തിയ അരികൊമ്പൻ’; ആനയെ വിടാതെ നിരീക്ഷിച്ച് തമിഴ്‌നാട്; സിഗ്നലുകൾ കേരളം കൈമാറുന്നില്ലെന്ന് പരാതി

അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഇ-മെയിൽ അയച്ചതിന് പിന്നാലെ മുഴുവൻ പണവും തിരികെ ലഭിച്ചുവെന്ന് നന്ദകുമാർ ട്വീറ്റ് ചെയ്തിരിക്കുകയാണ്. സർക്കാർ സംവിധാനത്തിൽനിന്നും അപൂർവമായി കേൾക്കുന്ന കാര്യമാണെന്നും ഇക്കാര്യം പങ്കുവച്ചതിൽ സന്തോഷമെന്നും ഇതു റീട്വീറ്റ് ചെയ്തുകൊണ്ട് റസൂൽ പൂക്കുട്ടി കുറിച്ചു.

നേരത്തെ, ‘മൈകേരളസ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പം ‘തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നത് അറിയാമോ’ എന്ന് റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

Exit mobile version